വന്ന വഴി മറന്നോ ശിവകാര്‍ത്തികേയന്‍; ധനുഷിനിട്ട് കുത്തോ?: പ്രസംഗം വിവാദത്തില്‍ !
നടൻ ശിവകാർത്തികേയൻ ഒരു പൊതുപരിപാടിയിൽ നടത്തിയ പരാമർശം തമിഴ് സിനിമ ലോകത്ത് വിവാദമായിരിക്കുകയാണ്.
ചെന്നൈ: നടൻ ശിവകാർത്തികേയൻ നിര്‍മ്മിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഈവന്‍റ് അടുത്തിടെ ചെന്നൈയിൽ നടന്നിരുന്നു. ഈ ചടങ്ങിൽ ശിവകാര്‍ത്തികേയനും പങ്കെടുത്തിരുന്നു. പരിപാടിയിൽ സംസാരിക്കവേ ശിവകാര്‍ത്തികേയന്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ തമിഴ് സിനിമ ലോകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ഞാൻ ആരെയെങ്കിലും കണ്ടെത്തി അവർക്ക് ഒരു ഐഡന്‍റിറ്റി നൽകിയെന്നോ അവർക്ക് ജീവിതം നൽകി അവരെ നന്നാക്കിയെന്നോ ഞാൻ പറയില്ല. കാരണം എന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് കണ്ടീഷൻ ചെയ്തതാണ്. ഞാൻ അത്തരത്തിലുള്ള ആളല്ല, നിങ്ങൾക്ക് എന്‍റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നത് പോലെ ഒരാളെ പരിചയപ്പെടുത്തുന്നതിനുള്ള എന്‍റെ ശ്രമമാണ് ഇത്. ഒരു നടനെന്ന നിലയിൽ നിങ്ങൾ എനിക്ക് നൽകിയ സ്ഥാനത്ത് നിന്ന്, അത് ശരിയായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഇത്തരം ശ്രമങ്ങൾ തുടരും''
ശിവകാർത്തികേയൻ ആരുടെയും പേര് പരാമർശിക്കുകയോ എടുത്ത് പറയുകയോ ചെയ്തില്ലെങ്കിലും. സോഷ്യൽ മീഡിയയിൽ നിരവധി നെറ്റിസൺസ് ശിവകാർത്തികേയന്‍റെ ഈ പ്രസ്താവനയെ ധനുഷുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയുന്നത്.
ടെലിവിഷൻ പരിപാടികളുടെ അവതാരകനായ ശിവകാർത്തികേയന്‍ സിനിമയില്‍ എത്തുന്നത് ധനുഷ് നായകനായ മൂന്ന് എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചാണ്. ആദ്യമായി ശിവകാര്‍ത്തികേയന്‍ നായകനായ എതിർ നീച്ചല്‍ നിര്‍മ്മിച്ചതും ധനുഷാണ്. അത് വന്‍ വിജയവും ആയിരുന്നു. മുന്‍പ് പല വേദികളിലും ശിവകാര്‍ത്തികേയനെ സിനിമ രംഗത്ത് കൈപിടിച്ച് ഉയര്‍ത്തിയത് ധനുഷാണ് എന്നത് സംസാരമായിട്ടുണ്ട്. ഇതെല്ലാം ഉദ്ദേശിച്ചാണ് 'എന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് കണ്ടീഷൻ ചെയ്തതാണ്' എന്ന ശിവകാര്‍ത്തികേയന്‍റെ വാചകം എന്നാണ് ഉയരുന്ന ചര്‍ച്ച.
എന്തായാലും തമിഴ് സിനിമക ലോകത്ത് ഇത് വലിയ ചര്‍ച്ചയാകുന്നുണ്ട്. വന്ന വഴി മറന്ന രീതിയിലാണ് ശിവകാര്‍ത്തികേയന്‍റെ സംസാരം എന്നാണ് പലരും ആരോപിക്കുന്നത്. അതേ സമയം സിനിമ രംഗത്ത് എത്താന്‍ പലരും സഹായിച്ചിട്ടുണ്ടാകും. അതിന് ശേഷം സ്വന്തം വഴി വെട്ടിപ്പിടിച്ച വന്നയാളാണ് ശിവകാര്‍ത്തികേയന്‍. സിനിമ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി നില്‍ക്കുന്ന താരത്തെ ഇപ്പോളും ധനുഷിനോട് കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നാണ് മറ്റൊരു ഭാഗത്തിന്‍റെ വാദം. എന്തായാലും ധനുഷ് ശിവകാര്‍ത്തികേയന്‍ ചര്‍ച്ച തമിഴകത്ത് ശക്തമാകുകയാണ്.
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലെ അഞ്ചാമത്തെ മലയാളം സീരീസ് '1000 ബേബീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ട്രെന്‍റിംഗില്‍ മുന്‍പനായി മമ്മൂട്ടി: ബസൂക്ക ടീസറിന് വന്‍ പ്രതികരണം