ഹൃദയാഘാതത്തെ തുടർന്ന് തളർന്നു പോയ ബാലാജി കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.  ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ചെന്നൈ: അന്തരിച്ച തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് നടന്‍ ശിവകാര്‍ത്തികേയന്‍. കഴിഞ്ഞ ദിവസമായിരുന്നു ബാലാജി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് ശിവ, മക്കളുടെ പഠന ചെലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മക്കളാണ് ബാലാജിക്ക്. പ്രമുഖ തമിഴ് റിയാലിറ്റി ഷോയായ 'അത് ഇത് ഏതി'ലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവ. അന്ന് മുതല്‍ ഇരുവരും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് തളർന്നു പോയ ബാലാജി കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. ജ്യോതിലക്ഷ്മിയാണ് ഭാര്യ, ശ്രീകാന്ത്, ശ്രീദേവി എന്നിവർ മക്കളാണ്. 1975ൽ മധുരയിൽ ജനിച്ച ബാലാജി 1991ൽ പുറത്തിറങ്ങിയ എൻ രാസാവിൻ മനസിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.