കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ മലയാള സിനിമ സൃഷ്ടിപരമായി മാറേണ്ടതുണ്ടെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹിയുമായ സിയാദ് കോക്കര്‍. താരങ്ങളെ കേന്ദ്രീകരിച്ചുള്ള രീതിയില്‍ നിന്ന് സിനിമ പറയുന്ന വിഷയത്തെ കേന്ദ്രീകരിച്ച് അഭിനേതാക്കളെ തീരുമാനിക്കുന്ന രീതിയിലേക്ക് മാറണമെന്നും രണ്ടര കോടിക്ക് മുകളിലുള്ള ബജറ്റ് സമീപകാല മലയാളസിനിമയില്‍ ഇനി സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യത്തില്‍ താരങ്ങളുടെ പ്രതിഫലക്കാര്യത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിയാദ് കോക്കര്‍. 

"രണ്ട്-രണ്ടര കോടിക്ക് മുകളിലുള്ള സിനിമകള്‍ മലയാളത്തില്‍ ഇനി ഉണ്ടാകാന്‍ പാടില്ല. അതിനുള്ള സ്കോപ്പ് ഇല്ല. ഈ ബജറ്റ് തന്നെ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണ്. വലിയ താരങ്ങളെ വച്ചുള്ള സിനിമകള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ വന്നാല്‍ വന്നു. താരങ്ങളെ കേന്ദ്രീകരിച്ചല്ലാതെ വിഷയാടിസ്ഥാനത്തില്‍ പുതിയ സിനിമകളെ സമീപിക്കേണ്ടിവരും. ഇതാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ യോഗത്തില്‍ ഞാന്‍ പറഞ്ഞത്", സിയാദ് കോക്കര്‍ പറയുന്നു.

"അത്തരം സിനിമകളില്‍ ചിലപ്പോള്‍ പുതിയ അഭിനേതാക്കള്‍ മതിയാവും. പറയുന്ന വിഷയത്തിനാണ് ഇന്ന് പ്രാധാന്യം. കൊവിഡിന് മുന്‍പെത്തിയ സിനിമകളുടെ വിജയശതമാനം നോക്കൂ. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെയോ സിനിമകള്‍ കളക്ട് ചെയ്തിട്ടില്ല എന്നല്ല പറയുന്നത്. പക്ഷേ ഇതൊന്നുമില്ലാതെവന്ന ഒരുപാട് സിനിമകള്‍ ഇവിടെ കളക്ട് ചെയ്തിട്ടുണ്ട്. വലിയ താരങ്ങളുള്ള സിനിമകളുടെ മുതല്‍മുടക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സിനിമകളില്‍ നിന്നു കിട്ടുന്ന ലാഭവിഹിതം വലുതാണ്. സിനിമകള്‍ക്ക് പുതിയ വിഷയങ്ങള്‍ കണ്ടെത്തണം. ആവശ്യത്തിന് മാത്രം താരങ്ങളെ ഉള്‍പ്പെടുത്തി ബാക്കി കഥാപാത്രങ്ങളായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണം. ആ തരത്തിലേക്ക് നിര്‍മ്മാതാക്കള്‍ ചിന്തിച്ചേ പറ്റൂ", സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ സിബി മലയില്‍, നടന്‍ ഉണ്ണി ശിവപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.