ഒരുകാലത്ത് പരാജയത്തിന്‍റെ പടുകുഴിലായിരുന്ന വിജയിക്ക് സൂപ്പര്‍താരത്തിലേക്കുള്ള വഴി വെട്ടികൊടുത്തത് ക്യാപ്റ്റന്‍ വിജയകാന്താണ് എന്നാണ് പൊതുവില്‍ കോളിവുഡിലെ സംസാരം.

ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ചെരുപ്പ് എറിഞ്ഞത് എന്ന് വ്യക്തമല്ലെങ്കിലും കുറേക്കാലമായി വിജയിക്കെതിരെ കടുത്ത രോഷത്തിലാണ് വിജയകാന്ത് ആരാധകര്‍ എന്നതാണ് സത്യം. ഇത് തന്നെയാണ് ചെരുപ്പേറിലേക്ക് നയിച്ചത് എന്നാണ് വിവരം. 

വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്ത് എത്തിയത്. വിജയ് ആരാധകരെല്ലാവരും വളരെ രോഷത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതര ഫാൻസുകാരും വിജയ് ആരാധകർക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ വിജയകാന്ത് ആരാധകരും മറ്റും ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 

ഒരുകാലത്ത് പരാജയത്തിന്‍റെ പടുകുഴിലായിരുന്ന വിജയിക്ക് സൂപ്പര്‍താരത്തിലേക്കുള്ള വഴി വെട്ടികൊടുത്തത് ക്യാപ്റ്റന്‍ വിജയകാന്താണ് എന്നാണ് പൊതുവില്‍ കോളിവുഡിലെ സംസാരം. കരിയറിന്‍റെ ഒരു അത്യവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യം നേരത്തെയും തമിഴ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിജയകാന്ത് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ഒരു അന്വേഷണം പോലും വിജയി നടത്തിയില്ലെന്നതായിരുന്നു കാരണം.

ഇത് സംബന്ധിച്ച് നേരത്തെ നടനും രാഷ്ട്രീയക്കാരനുമായ മീശ രാജേന്ദ്രന്‍ പറഞ്ഞ കാര്യം അന്ന് വൈറലായിരുന്നു. "നാളെയെ തീര്‍പ്പ് എന്ന പടത്തിലൂടെ 92ല്‍ വിജയ് നായകനായി എത്തി. അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. വിജയ് തന്നെ ഇത് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നിക്കല്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികള്‍ എന്ന്.

രണ്ടാമത്തെ വഴിയാണ് അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കിയ നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും

എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്" -മീശ രാജേന്ദ്രന്‍ അന്ന് പറഞ്ഞു.

ഇത്തരത്തിലുള്ള കാര്യങ്ങളാണ് വിജയകാന്ത് ഫാന്‍സിനെ പ്രകോപിപ്പിച്ചതും ചെരുപ്പേറിലേക്ക് നീങ്ങിയത് എന്നുമാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ നടക്കുന്നത്. എന്തായാലും അവസാനകാലത്ത് സജീവമല്ലാതിരുന്ന വിജയകാന്തിന് അവസാന വിട ചൊല്ലാന്‍ തമിഴ് സിനിമ ലോകം ഒന്നാകെ എത്തിയിരുന്നു. അതേ സമയം വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ വിജയിയോട് വളരെ നല്ല രീതിയിലാണ് വിജയകാന്തിന്‍റെ ഭാര്യ പ്രമീളയും മക്കളും പെരുമാറിയത് എന്നതും ശ്രദ്ധേയമാണ്. 

YouTube video player

ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!

വര്‍ഷം 18 സിനിമകള്‍ വരെ! ചെറിയ ബജറ്റില്‍ വന്‍ വിജയങ്ങള്‍; ഒരു കാലത്ത് കോളിവുഡിനെ ഭരിച്ച 'ക്യാപ്റ്റന്‍'