മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ വിമര്‍ശനം ശക്തം. പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ടൊവിനോയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രിവിലേജ്‌ വെച്ചുള്ള ഹുങ്ക്‌ കാണിച്ചാല്‍ അത്‌ ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാർത്ഥിയോട്‌ മാപ്പ്‌ പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആവശ്യപ്പെടുന്നു.

വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. കളക്ടറടക്കമുള്ളവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും സോഷ്യല്‍ മീഡിയ മുന്നോട്ടുവയ്ക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായൊരു കലാലയത്തിലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നെന്നും പലരും ചൂണ്ടികാട്ടുന്നു.

"

നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യു ഇന്നലത്തന്നെ രംഗത്തെത്തിയിരുന്നു. ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്.