നിലവിലെ പ്രശ്നങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം, ചർച്ചക്ക് വിമൺ ഇൻ സിനിമ കളക്ടീവ് എന്നും തയ്യാറാണ്. അമ്മ സംഘടന നേതൃത്വം ബഹുമാനം നേടിയെടുത്താലെ അത് കൊടുക്കാൻ പറ്റൂ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച സാമൂഹ്യവിചാരണയാണ് ഇപ്പോഴും നടക്കുന്നത്. ചുറ്റും നടക്കുന്നത് കാണുന്നവർക്ക് സത്യം ബോധ്യപ്പെടുമെന്ന് പാർവ്വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വിമര്‍ശനം.

താര സംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളിൽ യാതൊരു പുരോഗതിയുമില്ലെന്ന് പാര്‍വതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് അമ്മ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ ഉൾപ്പടെ വുമൺ ഇൻ സിനിമ കളക്ടീവ് അമ്മ സംഘടനയിൽ ഉന്നയിച്ച പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാർവ്വതിയുടെ പ്രതികരണം.

നിലവിലെ പ്രശ്നങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം. വിമൺ ഇൻ സിനിമ കളക്ടീവ് എന്നും ചർച്ചക്ക് തയ്യാറാണ്. അമ്മ സംഘടന നേതൃത്വം ബഹുമാനം നേടിയെടുത്താലെ അത് തിരിച്ച് കൊടുക്കാൻ പറ്റൂവെന്നും പാർവതി തുറന്ന് പറയുന്നു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ പ്രവർത്തനങ്ങൾ വിമൺ ഇൻ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നത്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരാതി പരിഹാര സെൽ വേണമെന്ന വിമൺ ഇൻ സിനിമ കളക്ടീവ് യുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.