"മരണത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നതേയില്ല. രോഗവുമായി നടക്കാന്‍ പോകുന്നത് ദീര്‍ഘമായ ഒരു പോരാട്ടമായിരിക്കുമെന്ന് എന്റെ മനസ് പറഞ്ഞു."
കാന്‍സര്‍ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത 30 ശതമാനം മാത്രമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്ത തന്റെ മനസ്സില്‍ എത്തിയില്ലെന്ന് നടി സൊണാലി ബേന്ദ്രെ. ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാന്‍സര്‍ കാലത്തെ ജീവിതത്തെക്കുറിച്ച് സൊണാലി സംസാരിക്കുന്നത്. മാഗസിന്റെ ഏപ്രില്‍ ലക്കത്തിലെ കവര്‍ ഫോട്ടോയും അവരുടേതാണ്.
തനിക്ക് പിടിപെട്ടിരിക്കുന്ന കാന്‍സര്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് മനസിലാകുന്നത് ന്യൂയോര്‍ക്കില്‍ എത്തിയതിന് ശേഷമാണെന്ന് പറയുന്നു സൊണാലി. 'കാന്‍സറാണെന്ന് മനസിലാക്കിയപ്പോള്‍ ചികിത്സ ന്യൂയോര്‍ക്കിലാക്കാമെന്ന് ഭര്‍ത്താവ് ഗോള്‍ഡി ബേലിന്റെ തീരുമാനമായിരുന്നു. അവിടെ എത്തുന്നത് വരെ എനിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയതിന് പിറ്റേന്നുതന്നെ ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി. ഒരുപാട് പരിശോധനകള്‍ നടത്തിയതിന് ശേഷം അദ്ദേഹം പറഞ്ഞു, കാന്‍സര്‍ നാലാം ഘട്ടത്തിലാണ് എന്ന്. അതിജീവനത്തിന് 30 ശതമാനം സാധ്യതയേ ഉള്ളുവെന്നും', സൊണാലി പറയുന്നു.
'പിഇറ്റി (പോസിട്രോണ്‍ എമിഷന്‍ റ്റോമോഗ്രഫി) സ്‌കാന്‍ ഫലം ഡോക്ടര്‍ ഞങ്ങളെ കാണിച്ചു. അടിവയറ്റില്‍ മുഴുവന്‍ കാന്‍സര്‍ പടര്‍ന്നിരിക്കുന്നത് അതില്‍ വ്യക്തമായിരുന്നു.' എന്നാല്‍ തകര്‍ന്നുപോകേണ്ട ആ ഘട്ടത്തില്‍ തനിക്കും കുടുംബത്തിനും പ്രതീക്ഷ പൂര്‍ണമായും നഷ്ടമായിട്ടില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. 'മരണത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നതേയില്ല. രോഗവുമായി നടക്കാന്‍ പോകുന്നത് ദീര്‍ഘമായ ഒരു പോരാട്ടമായിരിക്കുമെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷേ മരിച്ചുപോകുമെന്ന് ഒരിക്കലും എനിക്ക് തോന്നിയില്ല', സൊണാലി ബേന്ദ്രെ പറഞ്ഞവസാനിപ്പിക്കുന്നു.
ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബറിലാണ് സൊണാലി മുംബൈയില്‍ തിരിച്ചെത്തിയത്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അവരുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മുന്‍പ് സിനിമകള്‍ക്കൊപ്പം തിരക്കേറിയ പരസ്യ മോഡലുമായിരുന്ന അവര്‍ ചികിത്സയ്ക്ക് ശേഷം ആദ്യം അഭിനയിച്ച പരസ്യം അടുത്തിടെ പുറത്തുവന്നിരുന്നു.
