ബ്രിട്ടീഷ് എയര്‍വേസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി സോനം കപൂര്‍.

വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‍സിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദി നടി സോനം കപൂര്‍. ലഗേജുകള്‍ നഷ്‍ടപ്പെട്ടതാണ് സോനത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഒടുവില്‍ ബ്രിട്ടിഷ് എയര്‍വേയ്‍സ് ക്ഷമാപണവുമായി രംഗത്ത് എത്തുകയും ചെയ്‍തു. രണ്ട് തവണയാണ് തന്റെ ബാഗുകള്‍ നഷ്‍ടപ്പെടുന്നത് എന്നാണ് സോനം കപൂര്‍ പറയുന്നത്. താൻ പാഠം പഠിക്കേണ്ടിയിരിക്കുന്നുവെന്നും സോനം കപൂര്‍ പറഞ്ഞു.


ബ്രിട്ടിഷ് എയര്‍വേയ്‍സില്‍ മൂന്ന് തവണയാണ് ഞാൻ പോയത്. രണ്ട് തവണ ബാഗ് നഷ്‍ടപ്പെട്ടു. ഞാൻ അതില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ല- സോനം കപൂര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതി. മറുപടിയുമായി ബ്രിട്ടിഷ് എയര്‍വേയ്‍സും രംഗത്ത് എത്തി. താങ്കളുടെ ലഗേജ് ലഭിക്കാൻ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നുവോയെന്നും ബ്രിട്ടിഷ് എയര്‍വേയ്‍സ് ചോദിച്ചു. അതെ അതൊക്കെ ചെയ്‍തിരുന്നു. പക്ഷേ വളരെ മോശമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും കെടുകാര്യസ്ഥതയുമാണ് എന്നും സോനം പറഞ്ഞു. ഞങ്ങളുടെ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുകയെ ഇപ്പോള്‍ കഴിയൂവെന്നായിരുന്നു ബ്രിട്ടിഷ് എയര്‍വേയ്‍സിന്റെ മറുപടി. വളരെ പെട്ടെന്നു തന്നെ താങ്കളുടെ ബാഗുകള്‍ എത്തിക്കാൻ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടിഷ് എയര്‍വേയ്‍സ് മറുപടി നല്‍കി.