ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത് തുടങ്ങി നിരവധി ജനപ്രിയ ഗാനങ്ങള്‍

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. മുന്നൂറ്റിയന്‍പതോളം നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങളിലൂടെയാണ് ആസ്വാദകര്‍ അദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്. മണി പാടിയ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ, തുടങ്ങിയ ഗാനങ്ങളൊക്കെ രചിച്ചത് അറുമുഖൻ വെങ്കിടങ്ങ് ആണ്. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ എഴുതി. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. 

അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ എസ് അറുമുഖൻ ചലച്ചിത്ര ഗാനരചയിതാവായും ശ്രദ്ധ നേടിയിട്ടുണ്ട്. മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര്‍ കായലിന്‍റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും പാട്ടുകള്‍ എഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കല്ലേം മാലേം പിന്നെ ലോലാക്കും ആണ് ആദ്യ ആല്‍ബം. ഈ ആല്‍ബത്തിലൂടെയാണ് കലാഭവന്‍ മണിയുടെ ശ്രദ്ധയിലേക്കും അറുമുഖന്‍ വെങ്കിടങ്ങ് എത്തുന്നത്. പിന്നീട് വന്നത് ആസ്വാദകര്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങള്‍. 

ഭാര്യ അമ്മിണി. മക്കൾ സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

ALSO READ : യുഎഇ ബോക്സ് ഓഫീസിലെ ജനപ്രിയന്‍ ആര്? ആദ്യ വാരാന്ത്യത്തില്‍ മുന്നിലെത്തിയ 8 ചിത്രങ്ങള്‍

Chalakudi Chandaku Pokumbol Song | Chalakkudikkaran Changathi | Kalabhavan Mani