മുംബൈ: നടന്‍ സോനു സൂദിനെ സോഷ്യല്‍മീഡിയയും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ആരാധകരുടെയും സഹായം ആവശ്യപ്പെടുന്നവരുടെയും ചോദ്യങ്ങൾക്ക് താരം ഉടൻ തന്നെ മറുപടി നൽകാറുമുണ്ട്. അത്തരത്തിലൊരു ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

തന്റെ ഫോണിലെ ഇന്റർനെറ്റ് കണക്ഷന്റെ വേഗത കൂട്ടിത്തരാമോ എന്നായിരുന്നു ഒരു യുവതിയുടെ ചോദ്യം. ഉരുളയ്ക്ക് ഉപ്പേരി പോലെ ഉടൻ തന്നെ താരം മറുപടിയും നൽകി.

“നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കി കൊണ്ടിരിക്കയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാൾക്ക് വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ളപ്രശ്നം പരിഹരിച്ചു. ഇത്തരം പ്രധാനപ്പെട്ട ജോലികൾ അവരെന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഒന്ന് ക്ഷമിക്കൂ“ എന്നായിരുന്നു സോനുവിന്റെ മറുപടി. എന്തായാലും പ്രിയതാരത്തിന്റെ മറുപടി ആരാധകരിൽ ചിരി പടർത്തിയിരിക്കുകയാണ്.