മുംബൈ: സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ഹീറോ ആണെന്നാണ് സോനു സൂദിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
കൊവിഡ് വ്യാപനതതെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലായതോടെ ദുരിതത്തിലായ നിരവധി പേര്‍ക്കാണ് സോനു കൈത്താങ്ങായത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട് പച്ചക്കറി വില്‍ക്കാന്‍ തെരുവിലിറങ്ങിയ ടെക്കിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സോനു സൂദ്. 

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജീവനക്കാരിയായ ഹൈദരാബാദ് സ്വദേശി ശാരദയ്ക്ക് കൊറോണ കാരണം ജോലി നഷ്ടപ്പെടുകയായിരുന്നു. ശാരദയുടെ അവസ്ഥ ട്വിറ്ററിലൂടെ സോനുവിനെ ടാഗ് ചെയ്ത് ഒരാള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിക്കുകയായിരുന്നു. ''പ്രിയപ്പെട്ട സോനു സര്‍, ഇത് ശാരദ, കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട ടെക്കി. കുടുംബം പുലര്‍ത്താന്‍ ഇവള്‍ ഇപ്പോള്‍ പച്ചക്കറി വില്‍ക്കുകയാണ്. എതെങ്കിലും തരത്തില്‍ അവളെ സഹായിക്കാനാകുമെങ്കില്‍ ചെയ്യുക'' ട്വീറ്റില്‍ പറയുന്നു. 

സോനു സൂദ് ഇത് കാണുകയും ശാരദയ്ക്ക് ജോലി നല്‍കുകയും ചെയ്തു. ''എന്റെ ഉദ്യോഗസ്ഥര്‍ അവളെ കണ്ടു. അഭിമുഖം നടത്തി. ജോബ് ലെറ്റര്‍ അയച്ചു.'' സോനു സൂദ് ട്വിറ്ററിലൂടെ അറിയിച്ചു. താരത്തിന്റെ നടപടി ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തെരുവിലായ അതിഥി തൊഴിലാളികളെ സോനു സഹായിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ അദ്ദേഹം ചെയ്ത് നല്‍കിയിരുന്നു.