Asianet News MalayalamAsianet News Malayalam

'അവർക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്'; മക്കളെ കൊണ്ട് പാടം ഉഴുത കർഷകന് സഹായവുമായി സോനു സൂദ്

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

sonu sood sends tractor to farmers who let his two daughters plough the field
Author
Mumbai, First Published Jul 27, 2020, 9:22 AM IST

മുംബൈ: പാടം ഉഴുതുമറിക്കാൻ കാളകളില്ലാത്ത കർഷകന് ട്രാക്ടർ അയച്ചു നൽകി നടൻ സോനു സൂദ്. സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ കണ്ടാണ് സഹായവുമായി സോനു രംഗത്തെത്തിയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനുവിന്റെ പ്രതികരണം. ”ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് രു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും” സോനുവിന്റെ ട്വീറ്റ് ചെയ്തു.

വി. നാഗേശ്വര റാവു എന്നയാൾക്കാണ് സഹായവുമായി സോനു രം​ഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തുകയായിരുന്നു റാവു. ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിലൂടെ തന്റെ കുടുംബത്തെ പോറ്റാനും കുട്ടികളുടെ വിദ്യാഭ്യസത്തിനും അദ്ദേഹത്തിന് ഉതകുമായിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റാവുവിനും കുടുംബത്തിനും സ്വന്തം ​ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു.

ഇതോടെ വരുമാനവും നിലച്ചു. തുടർന്നാണ് നിലക്കടല കൃഷി ചെയ്യാൻ റാവു തീരുമാനിച്ചത്. എന്നാൽ നിലം ഉഴാൻ കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രണ്ട് പെൺമക്കളും ചേർന്ന് നിലം ഉഴാൻ തുടങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് സോനു സഹായവുമായി മുന്നോട്ട് വന്നത്.

കൊവിഡിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സോനു നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ ഭക്ഷണം നൽകുന്നതിനും സോനു മുന്നിട്ടിറങ്ങി. മഹാരാഷ്ട്രയിലെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios