ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൂടുതല്‍ പേര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് സോനു.

കൊവിഡ് കാരണം ജോലി നഷ്ടമായ ആവശ്യക്കാർക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചുവെന്നും അതാണ് പുതിയ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നും സോനു മാധ്യമങ്ങളോട് പറഞ്ഞു. 

"അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്", നടന്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonu Sood (@sonu_sood)

അതേസമയം, എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്. ഇവ പണയം വച്ച് 10 കോടി രൂപയാണ് താരം വായ്പയെടുത്തതെന്നാണ് പുറത്തുവന്ന വിവരം

കൊവിഡ്‌ കാലത്തെ സന്നധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും സോനു സൂദിനെ തേടിയെത്തിയിരുന്നു. സോനു സൂദുവിന്റെ പ്രവര്‍ത്തനത്തിന്‌ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചു.