സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ചിത്രമായ സൂരറൈ പൊട്രുവിന്റെ ഓൺലൈൻ റിലീസ് മാറ്റി. ഈ മാസം 30ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയതായി സുര്യ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നും സൂര്യ പങ്കുവച്ച കത്തിൽ പറയുന്നു. 

“നമ്മുടെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് സൂരറൈ പൊട്രു. ശ്രദ്ധേയവും പ്രചോദനാത്മകവുമായ ഈ കഥയെക്കുറിച്ച്  വളരെ ആകാംഷയാണ് ഉള്ളത്. നിർഭാഗ്യവശാൽ, സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് ഇപ്പോൾ പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലായിരിക്കും“, സൂര്യ പറയുന്നു. 

ഇതുവരെ ഷൂട്ട് ചെയ്യാത്ത ലൊക്കേഷനുകളും മറ്റ്ഭാഷകളിൽ ഉള്ളവർക്കൊപ്പമുള്ള വർക്കുമാകും വെല്ലുവിളിയാവുക എന്നാണ് കരുതിയത്. പക്ഷേ ഇവയ്ക്ക് പുറമേ നിരവധി വെല്ലുവിളികൾ ചിത്രത്തിന് നേരിടേണ്ടിവന്നു എന്നാണ് സൂര്യ പറയുന്നത്.

ഏവിയേഷൻ ഇന്റസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാൽ വിവിധ ഏജൻസികളിൽ നിന്ന് എൻഒസി നേടിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഇപ്പോഴും ചില എൻഒസികൾ ലഭിക്കാനുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നുമാണ് സൂര്യ കുറിക്കുന്നത്. 

എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ​ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സുരറൈ പോട്രു എടുത്തിരിക്കുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പരേഷ് റാവൽ, മോഹൻബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.