Asianet News MalayalamAsianet News Malayalam

ഓസ്‍കര്‍ മത്സരത്തിന് 'സൂരറൈ പോട്ര്'; സന്തോഷവാര്‍ത്ത അറിയിച്ച് അണിയറക്കാര്‍

കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് 'സൂരറൈ പോട്രും' ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. 

soorarai pottru to compete in oscars
Author
Chennai, First Published Jan 26, 2021, 6:21 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടത്തിന്‍റെ പാതയിലാണ് ചിത്രം എന്ന് പുതിയ വാര്‍ത്ത. ഇത്തവണത്തെ ഓസ്‍കറിന് 'സൂരറൈ പോട്രും' മത്സരത്തിനുണ്ട് എന്നതാണ് അത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് 'സൂരറൈ പോട്രും' ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. പൊതുവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്. മികച്ച നടന്‍, നടി, സംവിധാനം, സംഗീത സംവിധാനം, കഥാരചന തുടങ്ങിയ പ്രധാന വിഭാഗങ്ങളിലടക്കം മത്സരിക്കാനുള്ള സാധ്യതയാണ് ഇതോടെ ചിത്രത്തിന് തെളിയുന്നത്. അക്കാദമിയുടെ സ്ക്രീമിംഗ് റൂമില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാവും. പ്രദര്‍ശനങ്ങള്‍ കാണുന്ന അക്കാദമി അംഗങ്ങളുടെ വോട്ടുകളും നോമിനേഷനും അനുസരിച്ചാണ് മത്സരം മുന്നോട്ടുപോകുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios