സാമ്പത്തിക കാര്യങ്ങളിൽ തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും സൗഭാഗ്യ വെങ്കിടേഷ്.
33 വയസിനിടെ താൻ മനസിലാക്കിയ ജീവിത യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്. ഒരു അമ്മയായും, മകളായും, ഭാര്യയായും, അതിനിടയിൽ തനിക്കു വേണ്ടിയും എങ്ങനെ ജീവിക്കണമെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കഠിനാധ്വാനം ചെയ്തിട്ടും, ജീവിതത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയ ഘട്ടങ്ങൾ തനിക്കുമുണ്ടായിട്ടുണ്ടെന്നും സൗഭാഗ്യ പറയുന്നു.
''33 വയസായിട്ടും എന്റെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോഴും മനസിലായിട്ടില്ലെന്ന് തുറന്ന് സമ്മതിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. ഞാൻ സ്നേഹിക്കുന്ന ആളുകളെ നഷ്ടപ്പെടുമോ എന്ന പേടി എനിക്കുണ്ട്. മാറുമെന്ന് പ്രതീക്ഷിച്ച്, ചില ബന്ധങ്ങളിൽ ഞാൻ വീണ്ടും തുടർന്നിട്ടുണ്ട്. ഒരു അമ്മയായും, മകളായും, ഭാര്യയായും, അതിനിടയിൽ എനിക്കു വേണ്ടിയും എങ്ങനെ ജീവിക്കണമെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക കാര്യങ്ങളിൽ എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. അത് കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാൻ ഇപ്പോഴും പഠിക്കുകയാണ്. ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടും, ജീവിതത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയ ഘട്ടങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. ചുറ്റും ഒരുപാട് ആളുകളുണ്ടായിട്ടും, ചില ദിവസങ്ങളിൽ വല്ലാതെ ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ട്. എല്ലാവർക്കും വേണ്ടി എപ്പോഴും ഇങ്ങനെ കരുത്തോടെ നിൽക്കാൻ പറ്റാത്ത ദിവസങ്ങളും എനിക്കുണ്ട്.
ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് കരുതിയ ചിലരിൽ നിന്ന് ഞാൻ അകന്നുപോയിട്ടുണ്ട്. എന്റെ ശരീരത്തെക്കുറിച്ചോർത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. എനിക്ക് ഇപ്പോഴും എന്റെ അമ്മ വേണം. സത്യത്തിൽ, അമ്മയെ ആവശ്യമില്ലാത്ത ഒരു സമയം എനിക്ക് ഒരിക്കലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അമ്മയായതുകൊണ്ട് മാത്രം, എനിക്കു വേണ്ടി ഒന്നും ആഗ്രഹിക്കാതിരുന്നിട്ടില്ല. ഒന്നിലധികം തവണ ജീവിതം വീണ്ടും തുടങ്ങേണ്ടി വന്നിട്ടുണ്ട്.
പണ്ട് ചെയ്തിരുന്നതുപോലെ എല്ലാം എളുപ്പത്തിൽ ക്ഷമിക്കാൻ ഇപ്പോൾ എനിക്ക് കഴിയാറില്ല. ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ എന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചിട്ടുണ്ട്. ഒരാളെ നമ്മൾ സ്നേഹിക്കുന്നതുകൊണ്ട് മാത്രം ആ ബന്ധം നന്നായി പോകില്ലെന്ന് ഞാൻ മനസിലാക്കി. എപ്പോഴും തിരക്കിലായിരിക്കുന്നതും സംതൃപ്തിയോടെ ജീവിക്കുന്നതും ഒരുപോലെയല്ലെന്ന് തിരിച്ചറിഞ്ഞു. യാതൊരു കുറ്റബോധവുമില്ലാതെ ‘നോ’ പറയാൻ ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി എനിക്ക് വലിയൊരു സൗഹൃദവലയമൊന്നും വേണ്ട. എനിക്ക് സുരക്ഷിതമെന്നു തോന്നുന്ന കുറച്ച് ആളുകൾ മതി. 33-ാം വയസിൽ, എല്ലാവരും പ്രതീക്ഷിക്കുന്ന ഒരാളായി മാറാനല്ല ഞാൻ ശ്രമിക്കുന്നത്. സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരാളായി മാറാനാണ് ഞാൻ ശ്രമിക്കുന്നത്'', സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
