സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം 

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കാൻ കൊച്ചി പൊലീസ്. സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ല. ഉടൻ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

തുടർച്ചയായ രണ്ടാം ദിവസമാണ് സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, മറ്റൊരു നിര്‍മാതാവായ ഷോണ്‍ ആന്‍റണി എന്നിവരെ മരട് പൊലീസ് ചോദ്യം ചെയ്തത്.മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭ വിഹിതത്തിന്‍റെ നാല്‍പ്പത് ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്‍റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നും കാട്ടി അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.

6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സൗബിൻ സമർപ്പിച്ച രേഖകൾ അപര്യാപ്തമാണെന്നും വരും ദിവസങ്ങളിൽ മൂവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.കണക്കുകൾ ഇനിയും ബോധിപ്പിക്കാനുണ്ടെന്നു ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും തുടരുകയാണ്. ഹൈക്കോടതിയില്‍ കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പ്രതികൾ പരാതിക്കാരന് 5.99 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഇതു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കോടതിയിൽ റിപ്പോർട്ട് നൽകിയതിനു ശേഷം മാത്രമാണെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 

YouTube video player