രോമാഞ്ചം റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടപ്പോൾ മറ്റൊരു ഹിറ്റിനും സൗബിൻ സാക്ഷിയായിരിക്കുകയാണ്.
ഒരു വർഷം മുൻപ് ഫെബ്രുവരി മാസം പുറത്തിറങ്ങിയൊരു സിനിമ. രോമാഞ്ചം. മുൻവിധികളെയെല്ലാം മാറ്റിമറിച്ച് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ചിത്രത്തിൽ സൗബിനും കൂട്ടരും ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. രോമാഞ്ചം റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടപ്പോൾ മറ്റൊരു ഹിറ്റിനും സൗബിൻ സാക്ഷിയായിരിക്കുകയാണ്. അതും ഫെബ്രുവരിയിൽ തന്നെ. സിനിമയുടെ പേര് 'മഞ്ഞുമ്മൽ ബോയ്സ്'. ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രത്തിന് ഇതിനോടകം ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്. ഈ അവസരത്തിൽ കണ്ണീരണിഞ്ഞ സൗബിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്.
മഞ്ഞുമ്മൽ ബോയ്സിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ കേട്ടാണ് സൗബിൻ കരഞ്ഞത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ ശ്രീനാഥ് ഭാസിയെ കെട്ടിപ്പിടിച്ചാണ് സൗബിൻ സന്തോഷാശ്രുക്കൾ പൊഴിച്ചത്. ശ്രീനാഥിന്‍റെയും കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം.
'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ഖുറേഷി എബ്രഹാം' ഒരു കലക്ക് കലക്കും, 'എമ്പുരാൻ' മലയാളത്തിലെ ഏറ്റവും വലിയ സിനിമ: ഇന്ദ്രജിത്ത്
