നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഭർത്താവ് ജി.എസ്.രഘു വിശദീകരണവുമായി രംഗത്ത്.
ഹൈദരാബാദ്: തെലുങ്കാനയിലെ ഷംഷാബാദിലെ ജല്ലെപ്പള്ളിയിലുള്ള ആറ് ഏക്കർ സ്ഥലവും ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടി സൗന്ദര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന പുതിയ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഭർത്താവ് ജി.എസ്.രഘു രംഗത്തെത്തി. വിമാന അപകടത്തിൽ സൗന്ദര്യ മരിച്ച് 22 വർഷത്തിന് ശേഷം ഒരു സാമൂഹിക പ്രവർത്തകൻ മോഹൻ ബാബുവിനെതിരെ പരാതി നൽകിയ പാശ്ചത്തലത്തില്‍ നടിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന വേളയിലാണ് ഭര്‍ത്താവിന്‍റെ വിശദീകരിക്കുന്നത്.
ഖമ്മം ജില്ലയിലെ ഖമ്മം റൂറൽ മണ്ഡലത്തിലെ സത്യനാരായണപുരം ഗ്രാമത്തിൽ താമസിക്കുന്ന ആക്ടിവിസ്റ്റ് പറയുന്നത് അനുസരിച്ച് സൗന്ദര്യയുടെ ഗസ്റ്റ് ഹൗസ് വിൽക്കാൻ മോഹൻ ബാബു നടിയോട് ആവശ്യപ്പെട്ടതായി ആരോപിച്ചു. എന്നാൽ സൗന്ദര്യയും സഹോദരനും അത് നിരസിച്ചു.ഇതാണ് സൗന്ദര്യയുടെ മരണത്തിലേക്ക് നയിച്ച വിമാനാപകടത്തിലേക്ക് നയിച്ചത്. ജല്ലെപ്പള്ളിയിലെ സ്ഥലവും ഗസ്റ്റ് ഹൗസ് മോഹൻ ബാബു ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റ് ചിറ്റിമല്ലു ആരോപിച്ചു.
എന്നാല്‍ ഇതെല്ലാം തെറ്റാണ് എന്ന് ആരോപിച്ചാണ് സൗന്ദര്യയുടെ ഭര്‍ത്താവ് ജിഎസ് രഘു രംഗത്ത് എത്തിയത്. ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകൾ 'തെറ്റാണ്' എന്ന് വിശേഷിപ്പിച്ച രഘു പറഞ്ഞു "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹൈദരാബാദിലെ സ്വത്തിനെക്കുറിച്ചും ശ്രീ മോഹൻ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഞാൻ നിഷേധിക്കുന്നു. ശ്രീ മോഹൻ ബാബു സാറിന്‍റെ കയ്യില്‍ എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയിൽ നിന്ന് നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാൻ സ്ഥിരീകരിക്കുന്നു" രഘു പറയുന്നു.
മോഹൻ ബാബുവുമായി യാതൊരു സ്വത്ത് ഇടപാടുകളും നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു "എന്റെ അറിവിൽ അദ്ദേഹവുമായി ഞങ്ങൾ ഒരിക്കലും ഭൂമി ഇടപാടുകൾ നടത്തിയിട്ടില്ല. കഴിഞ്ഞ 25 വർഷത്തിലേറെയായി ശ്രീ മോഹൻ ബാബു സാറിനെ എനിക്കറിയാം, സൗഹൃദം പങ്കിടുന്നു. ഞങ്ങളുടെ കുടുംബങ്ങൾ എല്ലായ്പ്പോഴും പരസ്പര വിശ്വാസവും ബഹുമാനവും ഉള്ള ആഴത്തിലുള്ള ബന്ധമാണ് നിലനിര്‍ത്തുന്നത്" രഘു ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.
അതേ സമയം മോഹന്‍ബാബു ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം മോഹന്‍ബാബുവിനെതിരെ ഉടന്‍ നടപടി വേണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം. 2004 ഏപ്രിൽ 17 ആയിരുന്നു ബെംഗലൂരുവില്‍ നിന്നും ആന്ധ്രയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ നടി സൗന്ദര്യ ചെറുവിമാനം തകര്‍ന്ന് മരണപ്പെട്ടത്.
