ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ചരിത്രത്തിലാദ്യമായി ആറ് ഭാഷകളില്‍ ഒരേ സമയം ആരംഭിക്കാന്‍ ജിയോ സ്റ്റാര്‍ ഒരുങ്ങുന്നു.
ഇന്ത്യന്‍ മിനിസ്ക്രീനിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഇക്കുറി കൂടുതല്‍ ആവേശത്തോടെ. ഇന്ത്യയിലെ പല ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ മുന്‍പ് പല സമയത്ത് ആയിരുന്നു നടന്നിരുന്നത്. ചിലപ്പോഴൊക്കെ അതില്‍ ചിലത് അവിചാരിതമായി ഒരേ സമയത്തും നടന്നിട്ടുണ്ട്. എന്നാല്‍ എല്ലാ ഭാഷകളിലും ഒരേ സമയത്ത് ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്താന്‍ ഒരുങ്ങുകയാണ് ജിയോ സ്റ്റാര്‍. ആറ് ഭാഷകളിലെ ബിഗ് ബോസിന്‍റെ പുതിയ സീസണുകള്‍ ഒരേ സമയത്ത് ആയിരിക്കും ആരംഭിക്കുക. ആറില്‍ ഒന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബിഗ് ബോസ് ബംഗ്ലയാണ്.
മലയാളത്തിലേതിനേക്കാള്‍ ആദ്യം ആരംഭിച്ചതാണ് ബംഗാളി ബിഗ് ബോസ്. സാബുമോന്‍ വിജയിയായ മലയാളം ബിഗ് ബോസ് സീസണ്‍ 1 2018 ലാണ് ആരംഭിച്ചതെങ്കില്‍ ബിഗ് ബോസ് ബംഗ്ലയുടെ ആദ്യ സീസണ്‍ നടന്നത് 2013 ല്‍ ആയിരുന്നു. പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആയിരുന്നു അവതാരകന്‍. മൂന്ന് വര്‍ഷത്തിന് ശേഷം 2016 ല്‍ ആണ് രണ്ടാം ഭാഗം നടന്നത്. ബംഗാളി നടന്‍ ജീത് എന്ന ജീതേന്ദ്ര മദ്നാനി ആയിരുന്നു അവതാരകന്‍. എന്നാല്‍ രണ്ടാം സീസണിന് ശേഷം ബിഗ് ബോസ് ബംഗ്ല ഇതുവരെ നടന്നിട്ടില്ല. നീണ്ട ഒരു പതിറ്റാണ്ടിന് ശേഷം ഇപ്പോഴാണ് മൂന്നാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നത്. അവതാരകനായി ഇന്ത്യ മുഴുവന്‍ ജനപ്രീതിയുള്ള ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് എത്തുക എന്നതാണ് അതിലേറെ കൗതുകം.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് ഇത്തവണ ആരംഭിക്കുക. ഇതില്‍ മലയാളം ബിഗ് ബോസിന്‍റെ എട്ടാമത്തെ സീസണാണ് നടക്കുക. പതിവുപോലെ മോഹന്‍ലാല്‍ ആണ് മലയാളത്തിലെ അവതാരകന്‍. ഹിന്ദി ബിഗ് ബോസ് സല്‍മാന്‍ ഖാനും തമിഴ് വിജയ് സേതുപതിയും തെലുങ്ക് നാഗാര്‍ജുനയും കന്നഡ കിച്ച സുദീപും അവതരിപ്പിക്കും. ആറ് ഭാഷകളിലെ ബിഗ് ബോസ് ഒരേ സമയം നടക്കുക എന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പുതുമയുള്ള കാര്യമാണ്. വലിയ സാധ്യത തന്നെയാണ് ഇത് ജിയോസ്റ്റാറിന് മുന്നില്‍ തുറക്കുന്നത്.

