Asianet News MalayalamAsianet News Malayalam

'സ്ഫടികം' ഡിജിറ്റല്‍ റിലീസിന്റെ അതേദിവസം 'സ്ഫടികം 2' തീയേറ്ററിലെത്തിക്കുമെന്ന് ബിജു കട്ടക്കല്‍

'സ്ഫടികം സിനിമയുടെ സംവിധയകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്. കാരണം അന്നേ ദിവസം തന്നെയാണ് സ്ഫടികം 2 ഇരുമ്പനും റിലീസ് ചെയുന്നത്. ഇത് ഒരു മത്സരം ആയി കാണുന്നു.'

spadikam 2 to be released on the same day of spadikam digital release
Author
Thiruvananthapuram, First Published Apr 1, 2019, 8:34 PM IST

'സ്ഫടിക'ത്തിന്റെ രണ്ടാംഭാഗമെന്ന പേരില്‍ ബിജു ജെ കട്ടക്കല്‍ ഒരുക്കുന്ന സിനിമയ്‌ക്കെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. 'സ്ഫടികം 2 ഇരുമ്പന്‍' എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയ്‌ക്കെതിരേ 'സ്ഫടികം' ആരാധകര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനും രംഗത്തെത്തിയിരുന്നു. സ്ഫടികത്തിന്റെ 24-ാം വാര്‍ഷികമായിരുന്ന മാര്‍ച്ച് 30ന് 'ഇരുമ്പന്റെ' ടീസര്‍ പുറത്തുവന്നിരുന്നു. അതേദിവസം സ്ഫടികം ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനവുമായി ഭദ്രനും രംഗത്തെത്തി. സ്ഫടികത്തിന്റെ 25-ാം വാര്‍ഷികദിനമായ 2020 മാര്‍ച്ച് 30ന് ഒറിജിനല്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രിന്റ് തീയേറ്ററുകളില്‍ റിലീസ് ചെയ്യും എന്നതായിരുന്നു അത്. ഇപ്പോഴിതാ തന്റെ ചിത്രം 'സ്ഫടികം 2 ഇരുമ്പനും' അതേദിവസം തീയേറ്ററുകളിലെത്തിക്കുമെന്ന് പറയുന്നു സംവിധായകന്‍ ബിജു ജെ കട്ടക്കല്‍.

ബിജു ജെ കട്ടക്കല്‍ പറയുന്നു

'2020 മാര്‍ച്ച് 30 മലയാള സിനിമയിലെ ഒരു പുതിയ നാഴികകല്ലാകും. തോമാച്ചായന്‍ അവതരിച്ച് 24വര്‍ഷം പൂര്‍ത്തിയായ അന്നേ ദിവസം എന്റെ സിനിമ സ്ഫടികം 2 ഇരുമ്പന്‍ ടീസര്‍ പുറത്തു വിട്ടിരുന്നു. അതിനുശേഷം സ്ഫടികം സിനിമയുടെ സംവിധയകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്. കാരണം അന്നേ ദിവസം തന്നെയാണ് സ്ഫടികം 2 ഇരുമ്പനും റിലീസ് ചെയുന്നത്. ഇത് ഒരു മത്സരം ആയി കാണുന്നു. സ്ഫടികവും സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം. തോമാച്ചായനും തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയും ആയുള്ള മത്സരം. വിവാദങ്ങള്‍ അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യട്ടെ. ചാക്കോ മാഷ് തോമായ്ക്കു മുന്നില്‍ തോറ്റു. പക്ഷെ ഈ മത്സരത്തില്‍ തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ.'

സ്ഫടികം ഡിജിറ്റല്‍ റിലീസിനെക്കുറിച്ച് ഭദ്രന്‍ പറഞ്ഞത്

സ്ഫടികം ഒരു നിയോഗമാണ്. ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല. എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ അടുത്ത വര്‍ഷം സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും. 'ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.'

Follow Us:
Download App:
  • android
  • ios