ഇത്തരം വിഷയങ്ങളിൽ മൊഴി നൽകാന്‍ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി പറഞ്ഞത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹേമാ കമ്മറ്റിക്ക് മൊഴി നൽകിയവർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
പരാതിയുള്ളവർക്ക് മൊഴി നൽകാനുള്ള സാഹചര്യം ഒരുക്കിയിരുന്നു. ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മുഴുവൻ കേസുകളിലെ അന്വേഷണം അവസാനിപ്പിക്കുന്നതെന്നും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ മൊഴി നൽകാന്‍ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി പറഞ്ഞത്. എന്നാൽ മേലിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നൽകാൻ നോഡൽ ഏജൻസിയുടെ പ്രവർത്തനം തുടരണമെന്നും കേടതി നിർദ്ദേശിച്ചിട്ടുണ്ട്.
കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് വാർത്ത വന്നതിന് പിന്നാലെ ഒരിടവേളക്ക് ശേഷം റിപ്പോർട്ടിനെ ചൊല്ലി വിവാദം നടന്നിരുന്നു. "ഹേമകമ്മിറ്റി റിപ്പോർട്ടിന്മേൽ എന്താണ് ഇപ്പോൾ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയൂള്ളൂ", എന്ന് പാർവതി തിരുവോത്ത് മുഖ്യമന്ത്രി പിണറായി വിജയനോടായി ചോദിച്ചിരുന്നു. പിന്നാലെ പാർവ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാർവ്വതിയും വിമർശിച്ച് രംഗത്ത് എത്തി. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാർവ്വതി സർക്കാറിനെ വിമർശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. കമ്മിറ്റിക്ക് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ശിക്ഷിക്കണമെന്നാണോ ആഗ്രഹമെന്നാണ് പാർവതിയോട് മാല പാർവ്വതി ചോദിച്ചത്. ഒരു സഹപ്രവർത്തക രഹസ്യമായി തന്നോട് പങ്കുവെച്ച ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞതിൽ എഫ്ഐആർ ഇട്ടപ്പോൾ സഹപ്രവർത്തക എതിർത്തത് കൊണ്ടാണ് സുപ്രീംകോടതിയിൽ പോയതെന്നും മാല പാർവതി പറഞ്ഞിരുന്നു.



