തിരുവനന്തപുര: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. നടിയുടെ പരാതിയിൽ പ്രാഥമിക പരിശോധനക്ക് നിർദ്ദേശം നൽകിയതായും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ടെത്തി പരാതി നൽകിയത്. 

സംവിധായകനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതി. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍  മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ  നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിച്ചു.

Read More: 'ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം': വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍, ഡിജിപിക്ക് പരാതി  നല്‍കി

14 വർഷം വെള്ളിത്തിരയിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യർ വീണ്ടും തിരിച്ചെത്തിയത് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിലൂടെയായിരുന്നു.എന്നാൽ സംവിധായകനും നായികയും തമ്മിലുള്ള സുഹൃദ്ബന്ധത്തിൽ വിള്ളലുണ്ടായെന്ന് പുറംലോകം അറിഞ്ഞത് ഒടിയൻ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ്. വിവാഹത്തോടെ അഭിനയത്തോടും നൃത്തത്തോടും വിടപറഞ്ഞ മഞ്ജുവാര്യർ 2013 ലാണ് വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്.

മലയാളിപ്രേക്ഷകർ ഏറെ കാലം കാത്തിരുന്ന ആ തിരിച്ചുവരവ് പ്രമുഖ ജ്വല്ലറിക്കും ഐസ്ക്രീമിനും വേണ്ടി പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു.ശ്രീകുമാർ മേനോനാണ് അന്ന് മഞ്ജുവാര്യരെ ഉൾപ്പെടുത്തി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തത്. 2017 ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ കുടുക്കാൻ മുംബൈ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പറഞ്ഞതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ശ്രീകുമാർ മേനോനെ ലക്ഷ്യമിട്ടായിരുന്നു ദിലീപിന്റെ പ്രസ്താവന.

Read More: 'എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തും'; മഞ്ജുവിന് ശ്രീകുമാർ മേനോന്റെ മറുപടി 

ഇതോടെ മഞ്ജുവാര്യർ ശ്രീകുമാർ മേനോൻ സുഹൃദ്ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചു. 2018 ൽ തന്റെ ആദ്യസിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയ ശ്രീകുമാർ മേനോൻ നായികയായി കണ്ടത് മഞ്ജുവാര്യരെ തന്നെയായിരുന്നു. പ്രീ ബിസിനസിൽ 100 കോടി നേടിയെന്ന ശ്രീകുമാർ മേനോന്റെ അവകാശവാദവുമായാണ് ഒടിയൻ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യഷോ കഴിഞ്ഞപ്പോൾ ശ്രീകുമാർമേനോന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പേജുകളിൽ പ്രേക്ഷകർ നെഗറ്റീവ് കമന്റുകളിട്ടു.

ഒടിയൻ സൈബർ ആക്രമണവും ഡീഗ്രേഡിംഗും നേരിട്ടപ്പോൾ മഞ്ജു വാര്യർ മൗനം പാലിച്ചത് ശ്രീകുമാർ മേനോനെ ചൊടിപ്പിച്ചു. എന്നും മഞ്ജുവാര്യർക്ക് ഒപ്പം നിന്നതിന്റെ ഫലമാണ് സംഘടിതമായ ആക്രമണമെന്ന് അന്ന് ശ്രീകുമാർമേനോൻ തുറന്നടിച്ചിരുന്നു. പ്രളയബാധിതർക്ക് കാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്ന മഞ്ജുവാര്യർ ഫൗണ്ടേഷൻ വീടുവച്ചുനൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന ആരോപണം വന്നതോടെയാണ് മഞ്ജു മൗനം വെടിഞ്ഞത്. 

ഔദ്യോഗിക ആവശ്യങ്ങൾക്കായി എഴുതി നൽകിയ വെള്ളപേപ്പറും ലെറ്റർ ഹെഡ്ഡും ശ്രീകുമാർ മേനോൻ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു എന്ന് മഞ്ജുവാര്യർ തുറന്നടിച്ചു. അപായപ്പെടുത്താൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു എന്ന മഞ്ജുവാര്യരുടെ പരാതി കൂടി എത്തിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം.