ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ദക്ഷിണ കൊറിയൻ സീരിസ് 'സ്ക്വിഡ് ഗെയിം'ന്‍റെ ഒരു സ്പിൻ-ഓഫ് സീരീസ് നെറ്റ്ഫ്ലിക്സിൽ എത്തുന്നു.
ലോസ് ഏഞ്ചൽസ്: ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ദക്ഷിണ കൊറിയൻ സീരിസ് 'സ്ക്വിഡ് ഗെയിം'ന്‍റെ ഒരു സ്പിൻ-ഓഫ് സീരീസ് നെറ്റ്ഫ്ലിക്സിൽ എത്തുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഡേവിഡ് ഫിഞ്ചറായിരിക്കും ഈ സീരിസ് സംവിധാനം ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇന്നും ലോകത്തിലെ ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ത്രില്ലറുകളായ 'സെവൻ', 'ഫൈറ്റ് ക്ലബ്', 'ഗോൺ ഗേൾ' തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഒരുക്കിയ ശ്രദ്ധേയനായ സംവിധായകനാണ് ഫിഞ്ചർ. 2025 ഡിസംബറിൽ ലോസ് ഏഞ്ചൽസിൽ പുതിയ സീരിസ് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി എന്നാണ് വിവരം.
ഈ സ്പിൻ-ഓഫ് സീരീസ് യഥാർത്ഥ 'സ്ക്വിഡ് ഗെയിം' കഥയുടെ റീമേക്ക് അല്ലെന്നാണ് വിവരം. മറിച്ച് 'സ്ക്വിഡ് ഗെയിം' യൂണിവേഴ്സ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണ്. ഡെനിസ് കെല്ലി എഴുതുന്ന ഈ സീരീസ് 'സ്ക്വിഡ് ഗെയിം'ന്‍റെ പ്രധാന തീമുകള്‍ അടിസ്ഥാനമാക്കി തന്നെയായിരിക്കും നിര്‍മ്മിക്കുക എന്നാണ് വിവരം.
നെറ്റ്ഫ്ലിക്സുമായി വളരെക്കാലമായി സഹകരിക്കുന്ന സംവിധായകനാണ് ഫിഞ്ചർ. 'ഹൗസ് ഓഫ് കാർഡ്സ്', 'മൈൻഡ്‌ഹണ്ടർ', 'ദി കില്ലർ' തുടങ്ങിയ ഫിഞ്ചറിന്‍റെ പ്രോജക്ടുകള്‍ നെറ്റ്ഫ്ലിക്സിന്‍റെ വന്‍ ഹിറ്റുകളായിരുന്നു. 'സ്ക്വിഡ് ഗെയിം'ന്റെ ഈ പുതിയ പതിപ്പ് ഫിഞ്ചറിന്റെ തനതായ സംവിധാന ശൈലിയില്‍ എങ്ങനെ ഉരുത്തിരിയും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ഈ സീരീസ് അമേരിക്കയിലെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ അടിസ്ഥാനമാക്കിയാകും എന്നാണ് വിവരം. 'സ്ക്വിഡ് ഗെയിം: അമേരിക്ക' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ സീരീസിന്റെ ചിത്രീകരണം 2025 ഡിസംബറിൽ ലോസ് ഏഞ്ചൽസിൽ ആരംഭിക്കും എന്നാണ് ചില ഹോളിവുഡ് സൈറ്റുകള്‍ പറയുന്നത്. സീനസ് സമാനി, റെറ്റ് ഗൈൽസ് എന്നിവർ നിർമ്മാതാക്കളാണ്.
ഫിഞ്ചർ 'ദി അഡ്വഞ്ചേഴ്സ് ഓഫ് ക്ലിഫ് ബൂത്ത്' എന്ന മറ്റൊരു പ്രോജക്ടിൽ തിരക്കിലാണെങ്കിലും 'സ്ക്വിഡ് ഗെയിം' സീരീസിന്റെ നിർമ്മാണം 2026 അവസാനത്തോടെ പൂർത്തിയാകുമെന്നും 2027-ൽ റിലീസ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
'സ്ക്വിഡ് ഗെയിം'ന്റെ യഥാർത്ഥ സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക് ഈ സ്പിൻ-ഓഫിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പദ്ധതിയെക്കുറിച്ച് ഔദ്യോഗികമായി അറിവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഫിഞ്ചര്‍ സംവിധായകനായി വരുന്നതില്‍ ആവേശമുണ്ടെന്നും അദ്ദേഹം ചില മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ജൂണ്‍ 27ന് റിലീസായ 'സ്ക്വിഡ് ഗെയിം' സീസണ്‍ 3 ഫിനാലെയില്‍ കേറ്റ് ബ്ലാഞ്ചെറ്റിന്റെ ഒരു ചെറിയ രംഗം വന്നത് പുതിയ സീരിസിലേക്കുള്ള ലീഡാണ് എന്നാണ് വിവരം.


