Asianet News MalayalamAsianet News Malayalam

'സുരേഷ് ഗോപിയെ അഭിനയരംഗത്തുനിന്ന് അപ്രത്യക്ഷനാക്കിയതോ'? ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു

'എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത്? അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്?'

sreekumaran thampi about suresh gopis absence in malayalam cinema
Author
Thiruvananthapuram, First Published Feb 12, 2020, 3:37 PM IST

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റം കൂടിയായ ചിത്രത്തില്‍ റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം മുന്‍പ് അവതരിപ്പിച്ചിട്ടുള്ള മാസ് കഥാപാത്രങ്ങളില്‍നിന്ന് വേറിട്ട്, അഭിനയപ്രാധാന്യമുള്ള വേഷമാണ് ഇത്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി തുടരുമ്പോള്‍ ചിത്രത്തെക്കുറിച്ചും അതിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെക്കുറിച്ചും തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സുരേഷ് ഗോപിക്ക് അഭിനയരംഗത്തുണ്ടായ ഇടവേള ആരെങ്കിലും ബോധപൂര്‍വ്വം ഇടപെട്ട് സൃഷ്ടിച്ചതാണോയെന്ന സംശയവും പ്രകടിപ്പിക്കുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അതിങ്ങനെ...

പ്രണയത്തിന്റെ അവസ്ഥാന്തരങ്ങള്‍!

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തില്‍ അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീര്‍ഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തില്‍ കൊണ്ടു വരാന്‍ മുന്‍കൈ എടുത്ത ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന നടനുമായ ദുല്‍ക്കര്‍ സല്‍മാനെയും സംവിധായകന്‍ അനൂപ് സത്യനെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാള്‍ മുതല്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. അഭിനയത്തില്‍ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാര്‍ക്കും മാര്‍ഗ്ഗ ദര്‍ശകം ആകേണ്ടതാണ്.

'ഓര്‍മ്മയുണ്ടോ ഈ മുഖം?' എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങള്‍ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടന്‍ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിര്‍മ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത്? അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്‍പര കക്ഷികളുടെ ഗൂഢശ്രമങ്ങളോ? ഏതായാലും നിര്‍മ്മാതാവായ ദുല്‍ക്കര്‍ സല്‍മാനും സംവിധായകന്‍ അനൂപ് സത്യനും പൂച്ചയുടെ കഴുത്തില്‍ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നു. ഈ ചെറുപ്പക്കാര്‍ തനിക്കു നല്‍കിയ അവസരം സുരേഷ് ഗോപി എന്ന നടന്‍ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തില്‍ പത്തു വാക്യങ്ങളുടെ അര്‍ത്ഥം കൊണ്ടു വരാന്‍ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോള്‍ സ്വര്‍ണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവര്‍ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂര്‍ത്തങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉര്‍വശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു! അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. 'ആകാശവാണി' അത്യുജ്ജ്വലം!
ആദ്യ പകുതിയുടെ ദൈര്‍ഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാല്‍ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയില്‍ പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദര്‍ശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോള്‍ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഇതു പോലുള്ള ചിത്രങ്ങള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അര്‍ത്ഥശൂന്യമായ ചേരിതിരിവുകള്‍ക്ക് അടിമകളാകാതെ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്‌നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു..

Follow Us:
Download App:
  • android
  • ios