മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ അര്‍ജുനൻ മാസ്റ്റര്‍ വിടവാങ്ങി. ഇന്ന് പുലര്‍ച്ചെയായിരുന്നു അര്‍ജുനൻ മാസ്റ്റര്‍ വിടവാങ്ങിയത്. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളുടെ ഗാനങ്ങള്‍ക്ക് സംഗീംതം പകര്‍ന്നിട്ടുണ്ട്. അര്‍ജുനൻ മാസ്റ്ററുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി.

ഒട്ടേറെ ഹിറ്റ് പാട്ടുകളാണ് ശ്രീകുമാരൻ തമ്പിയും അര്‍ജുനൻ മാസ്റ്ററും ചേര്‍ന്ന് ഒരുക്കിയത്.  1978ല്‍ അനാര്‍ക്കലിയില്‍, ഗണപതിയേ ശരണം എന്ന ഗാനത്തില്‍ തുടങ്ങിയ കൂട്ടുകെട്ടാണ് അത്. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് അര്‍ത്ഥമറിഞ്ഞ് സംഗീതം പകരുകയായിരുന്നു അര്‍ജുനൻ മാസ്റ്റര്‍. അര്‍ജുനൻ മാസ്റ്റര്‍ വിടപറയുമ്പോള്‍ ശ്രീകുമാരൻ തമ്പിക്ക് അവസാനമായി കണ്ടതിനെ കുറിച്ചാണ് പറയുന്നത്. അവസാനമായി കണ്ടിട്ട് കഷ്‍ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് താൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ദുഃഖമേ നിനക്കു പുലർകാല വന്ദനം!. അവസാനത്തെ കൂടിക്കാഴ്‍ച എന്ന് പറഞ്ഞ് ഒരു ഫോട്ടോയും ശ്രീകുമാരൻ തമ്പി ഷെയര്‍ ചെയ്‍തിട്ടുണ്ട്.