'ചട്ടമ്പി' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. 

ഉള്ളടക്കത്തിന്റെയും സാങ്കേതികത്തികവിന്റെയും മേൻമയില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് 'ചട്ടമ്പി'. ആദ്യ സംരംഭത്തില്‍ തന്നെ മികച്ച സംവിധായകനെന്ന പേരെടുത്തിരിക്കുകയാണ് അഭിലാഷ് എസ് കുമാര്‍. കേന്ദ്ര കഥാപാത്രമായുള്ള ശ്രീനാഥ് ഭാസിയുടെ വേറിട്ട അഭിനയവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ് 'ചട്ടമ്പി'.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ തൊണ്ണൂറുകളിലെ കഥ പറയുന്ന ചിത്രമാണ് 'ചട്ടമ്പി'. ട്രെയിലറില്‍ തന്നെ ഏറെ പ്രതീക്ഷകള്‍ നല്‍കിയ ചിത്രം അത് നിറവേറ്റിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. സാങ്കേതിക വശങ്ങളിലെ മികവ് അക്ഷരാര്‍ഥത്തില്‍ 'ചട്ടമ്പി'യെ മികച്ച ചലച്ചിത്രാനുഭവമാക്കി മാറ്റുന്നു. ഒരു റൂറല്‍ ആക്ഷൻ ഡ്രാമ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ആവേശം തീര്‍ക്കുകയും ചെയ്യുന്നു 'ചട്ടമ്പി'. ശ്രീനാഥ് ഭാസിയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് 'ചട്ടമ്പി'യിലേത്. അഭിനയശൈലി കൊണ്ടും ശരീരഭാഷ കൊണ്ടും വേറിട്ടുനില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടേത്. 'ചട്ടമ്പി'യിലെ 'കറിയ' ആയി ആക്ഷൻ രംഗങ്ങളില്‍ നിറഞ്ഞാടുകയാണ് ശ്രീനാഥ് ഭാസി.

ശ്രീനാഥ് ഭാസിക്ക് പുറമേ ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രേക്ഷകപ്രീതി നേടിയ 'മിന്നല്‍ മുരളി'ക്ക് ശേഷം മലയാളത്തില്‍ വീണ്ടും തന്റെ അഭിനയ മികവ് അടയാളപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. സംവിധായകൻ അഭിലാഷ് എസ് കുമാറിന്റെ ആഖ്യാന മികവിലാണ് 'ചട്ടമ്പി' ഒരു മികച്ച തിയറ്റര്‍ കാഴ്‍ചാനുഭവമായി മാറുന്നത്. ആദ്യ സംവിധാന സംരഭം എന്ന തോന്നല്‍ പോലുമുണ്ടാക്കാതെ കയ്യടക്കമുള്ള ആഖ്യാനത്താലാണ് അഭിലാഷ് ചിത്രത്തെ തിയറ്ററിലേക്ക് എത്തിച്ചിരിക്കുന്നത്. റിയലിസ്റ്റിക് സ്വഭാവരീതിയിൽ കഥ പറയുന്ന ചിത്രത്തിന് അര്‍ഹിക്കുന്ന പരിചരണം തന്നെയാണ് സംവിധായകൻ നല്‍കിയിരിക്കുന്നത്. കാമ്പുള്ള ഉള്ളടക്കവും ചിത്രത്തിന്റെ പ്രത്യേകതയാകുന്നു. ഡോണ്‍ പാലത്തറയുടെ കരുത്തുറ്റ കഥയില്‍ വഴിത്തിരിവുകളുള്ള സിനിമ സന്ദര്‍ഭങ്ങള്‍ സൃഷ്‍ടിക്കാൻ തിരക്കഥാകൃത്തായ അലെക്സ് ജോസഫിനും കഴിഞ്ഞിട്ടുണ്ട്.

പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റേതായി എടുത്തുപറയേണ്ട മറ്റൊരു വിഭാഗം. ചിത്രത്തിലെ ആക്ഷൻ അടക്കമുള്ള ശ്രദ്ധേയ രംഗങ്ങള്‍ അതര്‍ഹിക്കുന്ന തരത്തില്‍ പ്രതിഫലിപ്പിക്കാൻ സംവിധായകന് സഹായകരമാകുന്നത് പശ്ചാത്തല സംഗീതവുമാണ്. മികച്ച ഒരു സിനിമാക്കാഴ്‍ച ഒരുക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും. കളര്‍ ഗ്രേഡിംഗ് പ്രമേയത്തിന് ഒത്തുള്ളതു തന്നെ. ആക്ഷൻ രംഗങ്ങളിലെ അടക്കം ചടുലതകള്‍ കൈമോശം വരാതെയുള്ള കട്ടുകള്‍ ചിത്രത്തിന് ഗുണകരമായി മാറുന്നു. തിരക്കഥാകൃത്തായ അലക്സ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ആസിഫ് യോഗിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍