ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ 'പ്രഭാകരാ' എന്ന് വിളിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ വാരം റിലീസ് ചെയ്യപ്പെട്ട ചിത്രത്തിലെ പ്രസ്തുത രംഗത്തിനെതിരെ തമിഴ്‍നാട്ടിലെ പ്രേക്ഷകരില്‍ ഒരു വിഭാഗമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. മുന്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരനെ അധിക്ഷേപിക്കുന്നതാണ് ഈ രംഗമെന്നായിരുന്നു ആരോപണം. ഈ വിഷയത്തില്‍ പരസ്യമായി ക്ഷമാപണം നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍, ആ രംഗത്തിന് 1988 ചിത്രം 'പട്ടണപ്രവേശ'ത്തില്‍ നിന്നുള്ള റഫറന്‍സ് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. 

ALSO READ: 'പ്രഭാകരാ' പരാമര്‍ശം വിവാദമായി; മാപ്പുപറഞ്ഞ് ദുല്‍ഖര്‍

'പട്ടണപ്രവേശ'ത്തിലെ എവര്‍ഗ്രീന്‍ കോമഡി രംഗങ്ങളിലൊന്നില്‍ അധോലോക നേതാവായ തിലകന്‍റെ അനന്തന്‍ നമ്പ്യാര്‍ കള്ളക്കടത്തുകാരനായ സുഹൃത്ത് കരമനയുടെ കഥാപാത്രത്തെ വിളിക്കുന്ന വിളിയാണ് 'പ്രഭാകരാ' എന്നത്. കരമനയുടെ കഥാപാത്രത്തിന്‍റെ പേരാണ് ഇത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‍ത ശ്രീനിവാസന്‍ പുതിയ വിവാദത്തില്‍ പ്രതികരിച്ചു. ഒരു കള്ളക്കടത്തുകാരന് സാധാരണവും നാടനുമായ ഒരു പേര് നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അങ്ങനെയാണ് പ്രഭാകരന്‍ എന്ന പേര് വന്നതെന്നും ശ്രീനിവാസന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ALSO READ: വരനെ ആവശ്യമുണ്ട് സിനിമയ്ക്കെതിരെ ബോഡി ഷേമിംഗ് ആരോപണവുമായി യുവതി; മാപ്പു പറഞ്ഞ് ദുല്‍ഖര്‍

"ആ കഥാപാത്രത്തിന് പ്രഭാകരന്‍ എന്ന പേര് നല്‍കാന്‍ ആ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ടിടിഇ നേതാവ് പ്രഭാകരനെക്കുറിച്ച് ആ സമയത്ത് ഞങ്ങള്‍ ആലോചിച്ചിട്ടേയില്ല. 1988ല്‍, ഈ ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ അധികം കേട്ടിരുന്നുതന്നെയില്ല. കേരളത്തില്‍ പ്രഭാകരന്‍ എന്ന് പേരുള്ള ഒരുപാടു പേരുണ്ട്. പക്ഷേ ഒരു കള്ളക്കടത്തുകാര്‍ക്ക് കേള്‍ക്കുന്ന ഒരു സാധാരണ പേരല്ല അത്. നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ തിലകന്‍റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടതിനു പിന്നിലുള്ള ലക്ഷ്യവും ഇതായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ റഫറന്‍സിനെ എല്‍ടിടിഇ നേതാവുമായി കൂട്ടിയിണക്കുന്നത് വിഡ്ഢിത്തമാണ്. കഷ്ടപ്പെട്ട് അങ്ങനെയൊരു ബന്ധം ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ അനന്തന്‍ നമ്പ്യാര്‍ എന്ന് പേരുള്ള ആരെയെങ്കിലും കൂടി കണ്ടെത്തിക്കൊണ്ടു വരണം", ശ്രീനിവാസന്‍ പറയുന്നു