Asianet News MalayalamAsianet News Malayalam

'ഈ വേര്‍പാട് നഷ്‍ടമാകുന്നത് അതുകൊണ്ടാണ്'; നെടുമുടി വേണുവിനെ അനുസ്‍മരിച്ച് ശ്രീനിവാസന്‍

തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍

sreenivasan remembers nedumudi venu
Author
Thiruvananthapuram, First Published Oct 12, 2021, 6:36 PM IST

അന്തരിച്ച അഭിനയ പ്രതിഭ നെടുമുടി വേണുവിനെ അനുസ്‍മരിച്ച് ശ്രീനിവാസന്‍. നെടുമുടിയെ ആദ്യം കണ്ടതുമുതലുള്ള അനുഭവം ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു..

ശ്രീനിവാസന്‍റെ കുറിപ്പ്

സിനിമയിൽ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവർ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണു നാം വിശ്വസിക്കുക. എന്നാൽ നല്ല ബുദ്ധിയുള്ളവർ അപൂർവം ചിലരേയുള്ളു. നെടുമുടി വേണു അവരിൽ ഒരാളായിരുന്നു.  'കോലങ്ങൾ' എന്ന സിനിമയിൽ അഭിനയിക്കാൻ കുണ്ടറയിൽ എത്തിയപ്പോഴാണ് ആദ്യം കാണുന്നത്. കുട്ടനാടൻ ഗ്രാമീണതയുടെ ഭംഗിയുള്ള മനസുള്ള ആ മനുഷ്യൻ എല്ലാവരോടെന്നപോലെ എന്നോടും പെട്ടെന്ന് അടുത്തു. 81 മുതൽ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനൊടൊപ്പം ഞാൻ എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു. നന്നായി അഭിനയിക്കുന്നതുപോലെ നെടുമുടി വേണുവിലെ ഗായകനേയും അവിടെ കണ്ടു. കാഴ്ചക്കാരെ പാട്ടിലൂടെ അദ്ദേഹം അദ്ഭുതപ്പെടുത്തുന്നതു ഞാൻ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ സകലകലാ വല്ലഭന്മാർ എന്നു പറയാവുന്നവർ കുറവാണ്. നെടുമുടി വേണുവെന്ന നടൻ അങ്ങനെയായിരുന്നു. അതുകൊണ്ടാണു ആ വേർപാടു നഷ്ടമാകുന്നതും.

'എന്നും ആ വെളിച്ചമെന്‍റെ വഴികാട്ടിയായിരുന്നു'; നെടുമുടിയെന്ന ഉറ്റ സുഹൃത്തിനെ ഓര്‍ത്തെടുത്ത് മമ്മൂട്ടി

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു നെടുമുടി വേണുവിന്‍റെ അന്ത്യം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍. മക്കളായ ഉണ്ണിയും കണ്ണനും അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. കുടുംബാഗങ്ങളും ജനപ്രതിനിധികളും സിനിമാ പ്രവര്‍ത്തകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. രാവിലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എംബി രാജേഷ്, അടൂർ ഗോപാലകൃഷ്ണൺ തുടങ്ങി കലാ സാസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിന്‍റെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios