Asianet News MalayalamAsianet News Malayalam

Night Drive : 'മുണ്ടുടുത്ത് കുറേ റിഹേഴ്‍സലുകൾ ചെയ്‍തു', 'അമ്മിണി അയ്യപ്പനാ'യതിനെ കുറിച്ച് ശ്രീവിദ്യ

സിഗരറ്റ് വലിക്കുന്ന, മദ്യപിക്കുന്ന, ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങിക്കുന്നൊരു ക്യാരക്ടറാണ് 'അമ്മിണി അയ്യപ്പന്‍'.

Sreevidya Mullachery open up her night drive movie experience
Author
Kochi, First Published Mar 12, 2022, 7:25 PM IST

പുതിയ തലമുറയിലെ താരങ്ങളെ ഉൾപ്പെടുത്തി വൈശാഖ് ഒരുക്കിയ ചിത്രമാണ് 'നൈറ്റ് ഡ്രൈവ്'(Night Drive). ഒരു കുഞ്ഞു സിനിമയെന്ന് വിശേഷിപ്പിക്കപ്പെട്ട 'നൈറ്റ് ഡ്രൈവ്' ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റീലിസ് ചെയ്‍ത് ഒരു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണം നേടുകയാണ് ചിത്രം. അന്ന ബെന്നിന്റെ 'റിയ'യും റോഷന്റെ 'ജോര്‍ജും' ഇന്ദ്രജിത്തിന്റെ 'ബെന്നി മൂപ്പനും' ഏറെ ശ്രദ്ധനേടി. ഇവരെപോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട കഥാപാത്രമാണ് 'അമ്മിണി അയ്യപ്പൻ'. ശ്രീവിദ്യ മുല്ലച്ചേരിയായിരുന്നു(Sreevidya Mullachery) ചിത്രത്തില്‍ 'അമ്മിണി അയ്യപ്പനാ'യത്. ഇതുവരെ ശ്രീവിദ്യ ചെയ്‍ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‍തമായൊരു വേഷമായിരുന്നു ഇത്. 'നൈറ്റ് ഡ്രൈവ്' തിയറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ശ്രീവിദ്യ.

'നൈറ്റ് ഡ്രൈവി'ലേക്ക് എത്തുന്നത് എങ്ങനെ ?

തിരക്കഥാകൃത്ത് അഭിലാഷേട്ടൻ മുഖേനെയാണ് ഞാൻ 'നൈറ്റ് ഡ്രൈവി'ൽ എത്തുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അഭിയേട്ടൻ. നേരിട്ട് കണ്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ 'പത്താം വളവ്' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ച് എന്നോട് മുമ്പ് സംസാരിച്ചിരുന്നു. ആ ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരിക്കൽ ചേട്ടൻ വിളിച്ച് വൈശാഖ് സാറിന്റെ ഫിലിമിൽ ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ട് ചെയ്യാമോന്ന് ചോദിച്ചു. കേട്ടപ്പോൾ തന്നെ ഞാൻ ത്രില്ലിലായി. പിന്നാലെ കഥയും ക്യാരക്ടറും പറഞ്ഞ ശേഷം മുടിവെട്ടാൻ പറ്റുമോന്ന് ചോദിച്ചു. മുടിവെട്ടാമെന്ന് സമ്മതിച്ചെങ്കിലും ബോബ് ചെയ്യാനായിരുന്നു എന്ന് ചിന്തിച്ചില്ല. മുടി വെട്ടിക്കഴിഞ്ഞാൽ എങ്ങനെയാകും എല്ലാവരുടെയും റിയാക്ഷൻ എന്ന് ഒന്ന് ആലോചിച്ച ശേഷം സമ്മതം അറിയിക്കുക ആയിരുന്നു.

'അമ്മിണി അയ്യപ്പൻ' ശരിക്കും ആരാണ് ?

പേര് പോലെ തന്നെ അമ്മിണി ഒരു പെൺകുട്ടിയാണ്. പക്ഷേ കംപ്ലീറ്റായി ഒരു ടോം ബോയ് ക്യാരക്ടറാണ്. സിഗരറ്റ് വലിക്കുന്ന, മദ്യപിക്കുന്ന, ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങിക്കുന്നൊരു ക്യാരക്ടറാണ്. ശ്രീവിദ്യയുമായി ഒരു ബന്ധവും ഇല്ലാത്തൊരു കഥാപാത്രം. 'അമ്മിണി അയ്യപ്പന്' വേണ്ടി വൈശാഖേട്ടൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. നില്‍ക്കുമ്പോഴും നടക്കുമ്പോഴും എങ്ങനെ ആയിരിക്കണം എന്നൊക്കെ. ഗേളിഷ് ലുക്കൊരിക്കലും വരരുതെന്ന നിർബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുടിവെട്ടിയപ്പോൾ തന്നെ പകുതിയും ഞാൻ മാറിയിരുന്നു. മുണ്ടൊക്കെ ഉടുത്ത് കുറേ റിഹേഴ്‍സലുകൾ ചെയ്‍തു. 'അമ്മിണി അയ്യപ്പനെ' പോലെ ഞാനും വളരെ കെയർലസ് ആയിട്ടുള്ള ആളാണ്. ഒരു വിഷയവും എന്നെ ബാധിക്കാറില്ല. ആ ഒരു സാമ്യം ഞാനും ആ ക്യാരക്ടറും തമ്മിലുണ്ട്.

Sreevidya Mullachery open up her night drive movie experience

'നൈറ്റ് ഡ്രൈവ്' ഒരു കരിയർ ബ്രേക്ക് ആകുമോ ?

തീർച്ചയായും. ഇന്നലെയാണ് സിനിമ റിലീസായത്. ആ സമയം മുതൽ ഇതുവരെ വന്ന ഫോൺ കോളുകളിലും മെസേജുകളിലും അതറിയാനുണ്ട്. ഞാൻ ആണ് ആ കഥാപാത്രം ചെയ്‍തതെന്ന് പോലും മനസ്സിലാകാത്തവരുണ്ടായിരുന്നു. ഞാൻ പറഞ്ഞിട്ടാണ് തന്നെ പലരും തിരിച്ചറിഞ്ഞതു തന്നെ. എന്നെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ആകുന്നത് വരെ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം കൂടെ അഭിനയിക്കുന്നവെല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ്. ചലഞ്ചിംഗായ കഥാപാത്രവും. റിവ്യൂ വന്നപ്പോഴാണ് സമാധാനം ആയത്.

'അമ്മിണി അയ്യപ്പനാ'കാനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു ?

സിനിമാ ടീം തന്നെയാണ് എന്റെ മേക്കോവറിന് പിന്നിൽ. സാധാരണ ബോബ് ചെയ്യുമ്പോൾ മുടിക്കൊരു അച്ചടക്കമുണ്ടാകുമല്ലോ. അതില്ലായിരുന്നു. മുടി ചുരുളനാക്കിയാണ് ഇട്ടത്. മൂക്ക് കുത്തി, കണ്ണട വച്ച് കെയർലസ് ആയി ഷർട്ടൊക്കെ ഇടുന്ന ഒരാളായിരുന്നു. മൂക്ക് കുത്തിയതിന്റെ പെയിനും കാര്യങ്ങളുമൊക്കെ ആദ്യം ഉണ്ടായി. സിഗരറ്റിന്റെ സ്‍മെൽ എനിക്ക് അലർജി ഉണ്ടാക്കുന്നതായിരുന്നു. അതൊക്കെ വലിയൊരു ടാസ്‍ക് തന്നെയാണ് എനിക്ക് തന്നത്.

Sreevidya Mullachery open up her night drive movie experience

യുവതലമുറയിലെ മുൻനിര താരമായ റോഷൻ മാത്യുവിനൊപ്പമായിരുന്നല്ലോ കോമ്പിനേഷൻ രംഗങ്ങള്‍?

സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി റോഷൻ ചേട്ടനെ കാണുന്നത്. എന്റെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എല്ലാവർക്കും അറിയാവുന്നത് പോലെ പുള്ളിയൊരു തിയറ്റർ ആർട്ടിസ്റ്റാണ്. റോഷൻ ചേട്ടൻ സിനിമയിലും മികവ് തെളിയിച്ചിട്ടുണ്ട്. കുറേ നാളുകൾക്ക് ശേഷം സിനിമ ചെയ്തപ്പോഴുള്ള ടെൻഷനായിരുന്നു എനിക്ക്. റോഷൻ ചേട്ടനോടാണ് അതെല്ലാം ഞാൻ പറഞ്ഞത്. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കുന്നൊരു നടനാണ് അദ്ദേഹം. നമ്മളൊക്കെ ഒരുപാട് കണ്ടുപഠിക്കേണ്ട ആളാണ്. ഒപ്പം നിൽക്കുന്ന ആർട്ടിസ്റ്റിന് അഭിനയിക്കാൻ വേണ്ടി, ഒരു സുഹൃത്തെന്ന പോലെ കാര്യങ്ങളൊക്കെ പറഞ്ഞുതരും. സിനിമയിൽ 'അമ്മിണി അയ്യപ്പ'നെ 'ജോർജ്' ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു സെറ്റിലെല്ലാം എന്നോട് പെരുമാറിയത്.

Sreevidya Mullachery open up her night drive movie experience

പുതിയ സിനിമകൾ ?

'കനകരാജു' എന്ന സിനിമയിലാണ് ഞാനിപ്പോൾ വർക്ക് ചെയ്യുന്നത്. കൊല്ലത്താണ് ഷൂട്ടിംഗ്. രണ്ടു മൂന്ന് പ്രോജക്ടുകൾ ഫൈനലായി വരുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ 2022 നല്ലൊരു വർഷമായിരിക്കും. 

Follow Us:
Download App:
  • android
  • ios