വിവാഹ വാര്‍ഷികാഘോഷം വേണ്ടെന്നുവെച്ചാണ് രജനികാന്ത് ശ്രീദേവിക്ക് ആദരമര്‍പ്പിക്കാൻ എത്തിയത്.
ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് നാല് വര്‍ഷം (Sridevi Death Anniversary). ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി ഒരു കാലഘട്ടത്തില്‍ ഇന്ത്യൻ സിനിമയുടെ നായികയായി നിറഞ്ഞാടി. അക്കാലത്തെ ഹിറ്റുകളില്‍ മിക്കതും ശ്രീദേവി തന്റെ പേരിലാക്കി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാല്‍ അക്കാലത്തുപോലും വിസ്‍മയിപ്പിക്കാൻ ശ്രീദേവിക്കായി എന്നത് അവരുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം.
ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ചത്. ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രീദേവി ഹിറ്റുകള്‍ നിരന്തരം സ്വന്തമാക്കി. പഴയകാലത്തെയും ഇന്നത്തെയും ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകളുടെയുമൊപ്പം തലപൊക്കമുള്ള താരമായിരുന്നു ശ്രീദേവി. പലപ്പോഴും മികച്ച പ്രതിഫലവും അക്കാലത്ത് ശ്രീദേവിക്ക് ലഭിച്ചിരുന്നു. 1976ലെ 'മൂണ്ട്രു മുടിച്ചു' എന്ന സിനിമയ്‍ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. രജനികാന്തിന് കിട്ടിയത് വെറും 2000 രൂപയായിരുന്നു ('മൂണ്ട്രു മുടിച്ചു' രജനികാന്തിന്റെ തുടക്കകാലത്തെ സിനിമയായിരുന്നു)
.
രജനികാന്തിനോട് അടുത്ത സൗഹൃദം സൂക്ഷിച്ച നടിയുമായിരുന്നു ശ്രീദേവി. 'റാണ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം തന്നെ ഇതിനുദാഹരണമാണ്. അസുഖത്തെ തുടര്‍ന്ന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ ശ്രീദേവി വളരെയധികം ദു:ഖിതയായി. തുടര്‍ന്ന് അസുഖം പെട്ടെന്ന് ഭേദമാകാന്‍ വേണ്ടി നോമ്പ് നോല്‍ക്കുകയായിരുന്നു. രജനികാന്ത് രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷമാണ് ശ്രീദേവി നോമ്പ് നോറ്റ കാര്യം പുറത്തറിയുന്നത്. 20ഓളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവി മരിച്ചപ്പോള്‍ തന്റെ വിവാഹ വാര്‍ഷികാഘോഷം വേണ്ടെന്നുവെച്ച് രജനികാന്ത് ആദരമര്‍പ്പിക്കാൻ എത്തിയതും വാര്‍ത്തയായിരുന്നു.
ഗോസിപ്പു കോളങ്ങളിലും നിറഞ്ഞ താരമായിരുന്നു ശ്രീദേവി. സിനിമാ തിരക്കഥയെ വെല്ലുന്നതായിരുന്നു ശ്രീദേവിയുടെ പ്രണയവും വിവാഹവുമെല്ലാം. സിനിമക്ക് പുറത്തും താരത്തെ പ്രണയിക്കാന്‍ ലക്ഷോപലക്ഷം ആരാധകരുണ്ടായിരുന്നെങ്കിലും നായകൻമാരുടെ മത്സരവും കടുത്തതായിരുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയാണ് ബോണി കപൂറിനെ ശ്രീ വിവാഹം കഴിച്ചത്. അഴകിന്റെ റാണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ലായിരുന്നു. ആരാധാകരെക്കാള്‍ കടുത്ത പ്രണയമായിരുന്നു നായകന്മാര്‍ക്ക്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകരും ശ്രീക്ക് പിന്നാലെ വട്ടം ചുറ്റിയത് ഗോസിപ്പ് കോളങ്ങളെ എന്നും ചൂട് പിടിപ്പിച്ചു.
മിഥുന്‍ ചക്രവര്‍ത്തിയുമായി 1984ല്‍ 'ജാഗ് ഉഡ്‍താ ഇന്‍സാനി;ന്റെ സെറ്റിലാണ് ആദ്യ താര പ്രണയം പൂവിട്ടത്. ഇരുവരുടേയും തീവ്രപ്രണയം പരസ്യമായതോടെ മിഥുന്റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീദേവി, മിഥുന്‍ ബന്ധത്തിന് അതോടെ തിരശീല വീണു. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.പിന്നീട് സിനിയിലെ റൊമാന്റിക് നായകന്മാരെക്കാള്‍ ആവേശത്തോടെയാണ് ബോണി കപൂര്‍ ശ്രീയെ പ്രണയിച്ചത്. 1970 കളില്‍ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട് ആവേശം മൂത്ത ബോണി പിന്നീട് അവരെ ബോളിവുഡിലെത്തിക്കാന്‍ ആഗ്രഹിച്ചു. അന്ന് ബോണി ബോളിവുഡിലെ തുടക്കക്കാരന്‍ മാത്രം. ശ്രീദേവി സെറ്റുകളില്‍ നിന്ന് പറക്കുന്ന താരറാണിയും.
'മിസ്റ്റര്‍ ഇന്ത്യ'ക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫര്‍ ചെയ്‍തത് 11 ലക്ഷം രൂപ. അക്കാലത്തെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. രാജകുമാരിയുടെ ബോളിവുഡ് വരവേല്‍പ്പ് 'മിസ്റ്റര്‍ ഇന്ത്യ'യുടെ സെറ്റില്‍. ശ്രീദേവിയെയും അമ്മയെയും മുന്നില്‍ നിരന്തം മതിപ്പുണ്ടാക്കാനായി സെറ്റില്‍ ബോണി തകര്‍ത്തഭിനയിച്ചതായി ഗോസിപ്പുകള്‍ ഇറങ്ങി. ഇതിനിടെ ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ബോണി ഒപ്പം നിന്നു. ബോണിയുടെ ആദ്യ വിവാഹം 1983 ലായിരുന്നു. ടെലിവിഷന്‍ നിര്‍മ്മാതാവായ മോണ ഷൂരിയെയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ. അര്‍ജുന്‍ കപൂറും അന്‍ഷൂലയും മടക്കം രണ്ട് മക്കളും ബോണിക്കുണ്ടായിരുന്നു. മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു. ശ്രീദേവി ഗര്‍ഭിണിയായതോടെ പ്രശ്‌നങ്ങള്‍ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റര്‍ജി പരസ്യമായി ശ്രീദേവിയെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി കാര്യങ്ങള്‍. വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് 1996 ജൂണ്‍ രണ്ടിനാണ്.
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നടിയാണ് ശ്രീദേവി. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പൊലീസിൽ വ്യക്തമാക്കി. എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
