ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, രണ്ടാം ഭാഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് നടൻ ശ്രീകാന്ത് മുരളി

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ മറുഭാഷാ പ്രേക്ഷകരും ഉറ്റുനോക്കുന്ന ഒരു ചിത്രം ഏതെന്ന് ചോദിച്ചാല്‍ ദൃശ്യം 3 എന്നല്ലാതെ ഒരു ഉത്തരം ഉണ്ടാവില്ല. ഇത്രയധികം മറുഭാഷാ റീമേക്കുകള്‍ പോയ മറ്റൊരു ചിത്രവും ദൃശ്യം ഫ്രാഞ്ചൈസി പോലെ മലയാളത്തില് ഇല്ല. ഏപ്രില്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ചിത്രത്തില്‍ അഭിനയിച്ചവരെയും സാങ്കേതിക പ്രവര്‍ത്തകരെയുമൊക്കെ എവിടെവച്ച് കണ്ടാലും ചിത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട് സിനിമാപ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദൃശ്യം 3 നെപ്പറ്റി എന്താണ് പറയുക എന്ന ചോദ്യത്തിന് രണ്ടാം ഭാഗത്തെപ്പോലെയേ അല്ല മൂന്നാം ഭാഗമെന്ന് മറുപടി- ദൃശ്യം ആദ്യ ഭാഗം പോലെ ആയിരുന്നില്ലല്ലോ രണ്ടാം ഭാഗം. രണ്ടാം ഭാഗത്തെപ്പോലെയേ അല്ല ദൃശ്യം 3. അത് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കി കാണൂ. ആ സസ്പെന്‍സ് നില്‍ക്കട്ടെ, ശ്രീകാന്ത് മുരളിയുടെ വാക്കുകള്‍. ദൃശ്യം 3 ന്‍റെ കാര്യത്തില്‍ പ്രതീക്ഷ വെക്കാതെ വരാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- ദൃശ്യം 2 ഇറങ്ങുന്നതിന് മുന്‍പും ജീത്തു അങ്ങനെ പറഞ്ഞിരുന്നില്ലേ. അത് നല്ലതല്ലേ? വന്‍ പ്രതീക്ഷയായിട്ട് അല്ലല്ലോ വരണ്ടത്, ശ്രീകാന്ത് മുരളി പറയുന്നു.

ഒരു വെള്ളിയാഴ്ചയാണ് സിനിമയെ നിശ്ചയിക്കുന്നത്. ഏറ്റവും നന്നാവണം എന്ന് ആഗ്രഹിച്ചാണ് നമ്മള്‍ എല്ലാവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇതില്‍ ചെറിയ ഒരു റോളേ ചെയ്തിട്ടുള്ളൂ. ആശിര്‍വാദിന്‍റെ വലിയൊരു പടമാണ്. ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമയാണ്. 47 വര്‍ഷമായിട്ട് മലയാളിക്ക് വേണ്ടി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. വീണ്ടും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്. ദൃശ്യം 3 ന് മാത്രമല്ല, എല്ലാ സിനിമയ്ക്കും സസ്പെന്‍സ് ഉണ്ട്. അത് ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് നന്നായി എന്ന് പറയുക. ആദ്യ ദിനം തന്നെ തീരുമാനിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ദൃശ്യത്തെ സംബന്ധിച്ച് ആദ്യ രണ്ട് ഭാഗങ്ങള്‍ ഉണ്ടാക്കിയ പ്രതീക്ഷയാണ് മൂന്നിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ആവേശഭരിതനായ ഒരു പ്രേക്ഷകനെപ്പോലെ ഞാനും കാത്തിരിക്കുന്നു, ശ്രീകാന്ത് മുരളി പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming