ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം

ഈ സംവിധായകന്‍റെ അടുത്ത ചിത്രം ഏതെന്ന് ഇന്ത്യ ഒട്ടുക്കുമുള്ള സിനിമാപ്രേമികള്‍ ഒരേപോലെ കാതോര്‍ക്കുന്നുണ്ടെങ്കില്‍ അത് തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലി ആയിരിക്കും. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലെത്തിച്ച രാജമൗലിയുടെ പിന്നീടുള്ള ചിത്രമായ ആര്‍ആര്‍ആര്‍ അന്തര്‍ദേശീയ പ്രശസ്തി തന്നെ നേടിയിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. ഇനിയും പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടില്ലാത്ത ചിത്രത്തെ സംബന്ധിച്ചുള്ള ഏത് വാര്‍ത്തയും വളരെ പെട്ടെന്നാണ് ചര്‍ച്ചയാവാറ്. ഇപ്പോഴിതാ ഈ ചിത്രം സംബന്ധിച്ച് കൗതുകകരമായ ഒരു പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം. അതിനാല്‍ത്തന്നെ നാം നിത്യജീവിതത്തില്‍ കാണുന്നതരം കഥാപാത്രങ്ങള്‍ ആയിരിക്കില്ല ചിത്രത്തിലേത്. കഥാപാത്രങ്ങള്‍ക്ക് തനതായ രൂപഭാവങ്ങളും പ്രകടനത്തില്‍ സവിശേഷതകളുമൊക്കെ കൊണ്ടുവരാറുള്ള സംവിധായകനാണ് അദ്ദേഹം. പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാഗമായി അഭിനേതാക്കള്‍ക്കുള്ള വര്‍ക്ക്ഷോപ്പ് നയിക്കാനായി രൗജമൗലി ഒരു പ്രമുഖ നടനെ ക്ഷണിച്ചതായാണ് തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍.

അഭിനയത്തിനൊപ്പം ഡയലോഗ് ഡെലിവറിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മഹേഷ് ബാബു അടക്കമുള്ള അഭിനേതാക്കളെ നാസര്‍ പരിശീലിപ്പിക്കും. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ചിത്രം ആയതിനാല്‍ത്തന്നെ ചിത്രത്തിലെ സംഭാഷണങ്ങളും പ്രത്യേകതകള്‍ ഉള്ളത് ആയിരിക്കും. നേരത്തെ ബാഹുബലിയിലെ കാലകേയ എന്ന കഥാപാത്രത്തിനായി പ്രത്യേകതരം ഭാഷ നിര്‍ദേശിച്ചത് നാസര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാഹുബലിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു നാസര്‍. 

കുടുംബവുമൊത്ത് ഒരു വിദേശ യാത്ര കഴിഞ്ഞ് മഹേഷ് ബാബു കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാവും ഇനി അദ്ദേഹം. രാജമൗലി ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ALSO READ : ഭയപ്പെടുത്താന്‍ 'ചിത്തിനി' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം