ആ​ഗോള പ്രേക്ഷകരെ മുന്നില്‍ക്കണ്ട് രാജമൗലി ഒരുക്കുന്ന ചിത്രം

സമീപകാല ഇന്ത്യന്‍ സിനിമയെ ബാഹുബലിക്ക് മുന്‍പും ബാഹുബലിക്ക് ശേഷവുമെന്ന് വേര്‍തിരിച്ച് പഠനം നടത്താവുന്നതാണ്. അതിനുള്ള സ്കോപ്പ് ഈ പാന്‍ ഇന്ത്യന്‍ തെലുങ്ക് ഫ്രാഞ്ചൈസി ഉണ്ടാക്കിയിട്ടുണ്ട്. അതുവരെ തെലുങ്ക് സിനിമകള്‍ പരിചയമില്ലാതിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകവൃന്ദത്തിന് ടോളിവുഡ് എന്താണെന്ന് പരിചയപ്പെടുത്തിക്കൊടുത്ത ബാഹുബലി അതിന്‍റെ സംവിധായകന്‍ എസ് എസ് രാജമൗലിയെ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച സംവിധായകനാക്കി. അതില്‍ നായകനായ പ്രഭാസിനെ രാജ്യത്തെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളുമാക്കി. ബാഹുബലി ഫ്രാഞ്ചൈസിക്കും ആര്‍ആര്‍ആറിനും പിന്നാലെ തന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസ് ചിത്രവുമായി എത്താനൊരുങ്ങുകയാണ് രാജമൗലി. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് കൗതുകകരമായ ഒരു വിവരവും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഛായാഗ്രാഹകനെ സംബന്ധിച്ചാണ് അത്.

തന്‍റെ സ്ഥിരം ഛായാഗ്രാഹകനായ കെ കെ സെന്തില്‍ കുമാറിനെ പുതിയ ചിത്രത്തില്‍ നിന്ന് രാജമൗലി മാറ്റി എന്നതാണ് അത്. 2004 ല്‍ പുറത്തെത്തിയ സൈ മുതല്‍ ഏറ്റവും ഒടുവില്‍ എത്തിയ ആര്‍ആര്‍ആര്‍ വരെ രാജമൗലി സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളുടെയും ഛായാഗ്രഹണം സെന്തില്‍ കുമാര്‍ ആയിരുന്നു. ഈ കാലയളവില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് രാജമൗലി മറ്റ് ഛായാഗ്രാഹകന്മാരെ പരീക്ഷിച്ചത്. വിക്രമാര്‍ക്കുഡുവും മര്യാദ രാമണ്ണയുമായിരുന്നു ആ ചിത്രങ്ങള്‍. സെന്തില്‍ കുമാര്‍ തന്നെയാണ് ഒരു പുതിയ അഭിമുഖത്തില്‍ താന്‍ രാജമൗലിയുടെ പുതിയ ചിത്രത്തിന്‍റെ ഭാഗമല്ലെന്ന കാര്യം സ്ഥിരീകരിച്ചത്.

അത് രാജമൗലിയുടെ തീരുമാനമാണ്. അദ്ദേഹത്തിന് മറ്റൊരാളെ പരീക്ഷിക്കണമെന്ന് തോന്നിയിരിക്കും. പല ചിത്രങ്ങളില്‍ പലരുമായി സഹകരിക്കാനാണ് ആളുകള്‍ക്ക് താല്‍പര്യം. ഒരു നല്ല ബ്രേക്ക് ആണ് ഇത്. 2003 മുതല്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എപ്പോഴും ഒരുമിച്ച് ജോലി ചെയ്യാറുമില്ല. മുന്‍പും ഞങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇടവേളകള്‍ ഉണ്ടായിട്ടുണ്ട്. മര്യാദ രാമണ്ണയും വിക്രമാര്‍ക്കുഡുവും എനിക്ക് ചെയ്യാനായില്ല. കാരണം എനിക്ക് മറ്റ് പ്രോജക്റ്റുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയിലുള്ള ബന്ധം തുടരുന്നതിന് അതൊന്നും തടസമായിട്ടില്ല, സെന്തില്‍ കുമാര്‍ തെലുങ്ക് 360 നോട് പറഞ്ഞു.

ആ​ഗോള പ്രേക്ഷകരെ മുന്നില്‍ക്കണ്ട് രാജമൗലി ഒരുക്കുന്ന ചിത്രമാണ് ഇത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News