Asianet News MalayalamAsianet News Malayalam

ഒക്ടോബറില്‍ എത്തില്ല; രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസ് അനിശ്ചിതമായി നീട്ടി

'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്

ss rajamoulis rrr release postponed indefinitely announced producers
Author
Thiruvananthapuram, First Published Sep 11, 2021, 1:20 PM IST

'ബാഹുബലി' സീക്വലിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്‍റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു. വരുന്ന ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലിയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.

"2021 ഒക്ടോബറിലേക്ക് തിയറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ ആര്‍ആര്‍ആറിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്. പുതിയ ഒരു തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍, ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും", നിര്‍മ്മാതാക്കള്‍ അറിയിച്ചു.

'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. 'രൗദ്രം രണം രുധിരം' എന്നതിന്‍റെ ചുരുക്കെഴുത്താണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്. 

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios