സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3  ഗ്രാൻഡ് ഫിനാലെയില്‍ അതിഥിയായി ഭാവനയുമുണ്ടാകും.

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെ തത്സമയം ഇന്ന് സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റിൽ മാർച്ച് 19ന് രാത്രി ഏഴ് മണിമുതലാണ് സംപ്രേഷണം ചെയ്യുക. കുരുന്നു ഗായകരുടെ മനോഹരമായ പാട്ടുകള്‍ക്ക് പുറമേ വിപുലമായ കലാപരിപാടികളുമുണ്ടാകും.

വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്‍ണായകമായ റൗണ്ടുകൾക്കും ശേഷമാണ് അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിലേക്ക് സ്റ്റാര്‍ സിംഗര്‍ എത്തിനില്‍ക്കുന്നത്. പല്ലവി രതീഷ് , ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ, ഹിതാഷിനി ബിനീഷ് എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. തങ്ങളുടെ പ്രിയ താരമായിരിക്കുമോ വിജയിയാകുമോയെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസൺ 3ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ മഞ്ജരി, സിത്താര, സംഗീതസംവിധായകരായ കൈലാഷ് മേനോൻ, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്.

അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട്. ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ഉണ്ടാകും. സ്റ്റാർ സിംഗര്‍ ജൂനിയര്‍ സീസൺ 3 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്‍ത ചലച്ചിത്ര താരം ഭാവന ഈ വേദിയിൽ എത്തുന്നു. വളരെ ആഘോഷപൂര്‍വമാണ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചിരിക്കുന്നത്.

ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ, ദില്‍ഷ, നലീഫ്, ജോൺ, ശ്വേത, രേഷ്‍മ, ശ്രീതു, മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ