"അജിത്ത് കുമാറെന്നോ അജിത്തെന്നോ അതുമല്ലെങ്കില്‍ എകെ എന്നോ വിളിച്ചാല്‍ മതി"

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പല നിലയ്ക്കും വ്യത്യസ്‍തനാണ് തമിഴ് താരം അജിത്ത് കുമാര്‍ (Ajith Kumar). മാസ് കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും സിനിമയുടെ ഫ്രെയ്‍മിനു പുറത്ത് സ്വകാര്യജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് അദ്ദേഹം. മാധ്യമങ്ങളോട് കുറച്ചുമാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമില്ല. ഇതിനാലൊക്കെത്തന്നെ അജിത്തിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്‍ഡേറ്റും ആരാധകര്‍ ട്വിറ്ററിലും മറ്റും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. 'തല' എന്ന് തന്നെ ഇനി സംബോധന ചെയ്യരുതെന്ന് പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ അജിത്ത് കുമാര്‍ അഭ്യര്‍ഥിക്കുന്നു.

"മാധ്യമപ്രവര്‍ത്തകരോടും എന്‍റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാര്‍ അതുമല്ലെങ്കില്‍ എകെ എന്നു പരാമര്‍ശിക്കപ്പെടാനാണ് ഞാനിനി ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ പേരിനു മുന്‍പ് ചേര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്‍തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. സ്‍നേഹം, അജിത്ത് കുമാര്‍", എന്നാണ് അജിത്തിന്‍റെ പ്രസ്‍താവന.

Scroll to load tweet…

സോഷ്യല്‍ മീഡയയില്‍ അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം 'തല'യെന്നാണ്. മാധ്യമ വാര്‍ത്തകളിലും ഈ പദം പലപ്പോഴും ഇടംപിടിക്കാറുണ്ട്. തമിഴ് സിനിമയില്‍ മിക്ക ജനപ്രിയതാരങ്ങള്‍ക്കും ഇത്തരത്തില്‍ വിളിപ്പേരുകളുണ്ട്. വിജയ്‍യെ ദളപതിയെന്നും കമല്‍ ഹാസനെ ഉലകനായകനെന്നും വിക്രത്തെ ചിയാനെന്നും ചേര്‍ത്താണ് ആരാധകര്‍ വിളിക്കാറ്. ഇവരുടെ സിനിമകളിലെ ടൈറ്റില്‍ കാര്‍ഡുകളിലും ഈ വിശേഷണങ്ങള്‍ കടന്നുവരാറുണ്ട്. 2001ല്‍ പുറത്തെത്തിയ 'ദീന' മുതലാണ് അജിത്തിന് 'തല'യെന്ന വിളിപ്പേര് ലഭിക്കുന്നത്.