അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന് ഇന്ന് കലാകേരളം വിടചൊല്ലും.

കേരളക്കരയെ, മലയാളികളെ വേദനകൾ മറന്ന് പൊട്ടിച്ചിരിപ്പിച്ച രണ്ട് വ്യക്തിത്വങ്ങൾ. ഇന്നസെന്റു സുബി സുരേഷും. ഇരുവരും ഇനി ഓർമകൾ മാത്രമാണെന്ന് അറിയുമ്പോൾ ഓരോ മലയാളികളുടെയും സിനിമാസ്വാദകരുടെയും സഹപ്രവർത്തകരുടെയും ഉള്ളിൽ വലിയൊരു നോവുണർത്തുകയാണ്. പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് അതുല്യകലാകാരൻ ഇന്നസെന്റും വിട പറഞ്ഞിരിക്കുന്നത്.

തങ്ങളുടെ ജീവിതത്തിലെ വേദനകൾ മറന്ന് പ്രേക്ഷകരെ, മലയാളികളെ ചിരിപ്പിച്ചവരാണ് ഇന്നസെന്റും സുബിയും. ക്യാൻസർ എന്ന മഹാരോ​ഗം രണ്ട് തവണ പിടിപ്പെട്ടപ്പോഴും തനിക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിരുന്നു ഇന്നസെന്റ്. ഇല്ലെങ്കിൽ ക്യാൻസർ വാർഡിലെ ചിരി എന്നൊരു പുസ്തകം എഴുതാൻ മറ്റാർക്കാണ് സാധിക്കുക. ജീവിത പ്രതിസന്ധികളെ തരണം ചെയ്ത്, ഏതൊരു വിഷയത്തിലും നർമ്മം കണ്ടെത്താൻ സുബിയും ശ്രമിച്ചിരുന്നു. ഇരുവരും ഒന്നിച്ച അഭിമുഖങ്ങളിൽ പരസ്പരം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. റി പ്ലെയ്സ്മെന്റില്ലാത്ത രണ്ട് അതുല്യ പ്രതിഭകൾ അവർ സമ്മാനിച്ച കഥാപാത്രങ്ങളിലൂടെ, ഓർമകളിലൂടെ ഓരോ മലയാളികളുടെ മനസ്സിലും മായാതെ നിറഞ്ഞുനിൽക്കും. 

ഫെബ്രുവരി 22ന് ആയിരുന്നു സുബി സുരേഷിന്റെ വിയോ​ഗം. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമായിരുന്നു സുബി. പിന്നീട് നടിയായും അവതാരകയായും അവർ തിളങ്ങി.

മാർച്ച് 26ന് ആയിരുന്നു മലയാള സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി ഇന്നസെന്റിന്റെ വിയോ​ഗം. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കിയിരുന്നു.

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന് ഇന്ന് കലാകേരളം വിടചൊല്ലും. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചിരുന്നു. 

'ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്, ലാലേട്ടൻ പറഞ്ഞു'; ഹരീഷ് പേരടി