'രാം സേതു' ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. 

ബോളിവുഡ് താരം അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'രാം സേതു'. അഭിഷേക് ശര്‍മ്മയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി​ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 'രാം സേതു' ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹ​ത്തിന്റെ ആരോപണം.

വിഷയത്തില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. 

'മുംബൈ സിനിമാകാർക്ക് ഇടയില്‍ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം പ്രവണതയുണ്ട്. അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ 'രാമസേതു' ഇതിഹാസം വളച്ചൊടിച്ച നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്', എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് തുടങ്ങിയവരാണ് നിര്‍മാതാക്കൾ. ചിത്രം 2022 ഒക്ടോബറിൽ തിയറ്ററിൽ എത്തും. 

Scroll to load tweet…

അക്ഷയ് കുമാര്‍ ചിത്രത്തിനും ബോക്സ് ഓഫീസില്‍ രക്ഷയില്ല; നിരാശയില്‍ ബോളിവുഡ്

അതേസമയം, അടുത്തിടെ റിലീസ് ചെയ്ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരിക്കുകയാണ്. ബച്ചന്‍ പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ ബെൽ ബോട്ടം എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവിൽ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം സൂര്യവംശി മാത്രമാണ്. 2021 നവംബറിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.