തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നടി സാവിത്രി ശ്രീധരന്‍. അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടിയായ സാവിത്രി ശ്രീധരനും വ്യക്തമാക്കിയിരിക്കുന്നത്.

മതത്തിന്‍റെ പേരില്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ്. ഏതു മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇന്ന് രാജ്യത്തിന് ആവശ്യം മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നും സാവിത്രി ശ്രീധരന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സംവിധായകന്‍ സക്കറിയ മുഹമ്മദ് അറിയിച്ചിരുന്നു. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ദേശീയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം.  സക്കറിയ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കൂടാതെ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.