പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറക്കാര്‍. ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ദേശീയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം. 

സക്കറിയ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കൂടാതെ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.