താൻ കടുത്ത വിജയ് ആരാധികയാണെന്നും ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും ആവർത്തിക്കരുതെന്നും സുധ കൊങ്കര 

കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന വിജയ് ചിത്രം ജന നായകൻ റിലീസ് പ്രതിസന്ധി തുടരുകയാണ്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പൊങ്കൽ റിലീസായി എത്തുമെന്ന് പറഞ്ഞ ചിത്രം ഇനി എന്നാണ് റിലീസ് ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം ശിവകാർത്തികേയൻ നായകനായി എത്തിയ സുധ കൊങ്കര ചിത്രം 'പരാശക്തി' തിയേറ്ററുകളിൽ എത്തിയിരുന്നു.

സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിനെതിരെ ആസൂത്രിതമായ സൈബർ അറ്റാക്കുകളും നെഗറ്റിവ് റിവ്യൂ ക്യാംപെയ്നുകളും വിജയ് ആരാധകർ നടത്തുന്നുവെന്ന് നേരത്തെ സുധ കൊങ്കര ആരോപിച്ചിരുന്നു. ഇപ്പോഴിതാ താൻ കടുത്ത വിജയ് ആരാധിക ആണെന്നും ജന നായകൻ റിലീസിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധ കൊങ്കര. ജന നായകന് സംഭവിച്ചത് ഒരു ചിത്രത്തിനും സംഭവിക്കരുതെന്നും സുധ കൊങ്കര കൂട്ടിച്ചേർത്തു.

"ഓഡിയോ ലോഞ്ചില്‍ ഞാന്‍ ആദ്യം പറഞ്ഞത്, എന്റെ സിനിമ 200 തവണ കണ്ടാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക വിജയ് ചിത്രമായിരിക്കും എന്നാണ്. ആ സിനിമയുടെ റിലീസിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്. അദ്ദേഹത്തിന്റെ സിനിമയുമായി മത്സരിക്കുക ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാനാണ്? അത് അസാധ്യമാണ് ഞാൻ കടുത്ത വിജയ് ആരാധികയാണ്. അദ്ദേഹവുമൊത്തൊരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി." സുധ കൊങ്കര പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുധ കൊങ്കരയുടെ പ്രതികരണം.

പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച് മോശമായ രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മനാഹാനിയും നടക്കുന്നുണ്ടെന്നും സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ആരാധകരിൽ നിന്നാണ് ഇതെല്ലാം വരുന്നതെന്നും ഇതാണ് തങ്ങൾ നേരിടുന്ന ഗുണ്ടായിസമെന്നുമാണ് സുധ കൊങ്കര അന്ന് പറഞ്ഞത്.

1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

YouTube video player