കൊച്ചി: ആമസോൺ പ്രൈമിൽ ഇന്നലെ റിലീസ് ചെയ്ത സൂഫിയും സുജാതയും സിനിമയുടെ വ്യാജ പതിപ്പ് ഇന്‍റർനെറ്റില്‍ പ്രചരിക്കുന്നതിൽ പൊലീസിൽ പരാതി നൽകുമെന്ന് നിർമ്മാതാവ് വിജയ്ബാബു. വ്യാജ പതിപ്പ് ഇറങ്ങിയത് സങ്കടകരമാണ്. ആമസോണ്‍ പ്രൈമിന്‍റെ ആന്‍റി പൈറസി സെല്‍ പരിശോധന തുടങ്ങിയതായും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് മണിക്കൂറുകള്‍ക്കുള്ളിലാണ്  ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമായി പ്രചരിച്ചത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലായി ഇന്നലെ 12 മണിക്കാണ് സിനിമ റിലീസ് ചെയ്തത്‌. 

ചരിത്രമായി അര്‍ധരാത്രിയിലെ ഓൺലൈൻ റിലീസ്; 'സൂഫിയും സുജാതയും' എത്തി, വ്യാജപതിപ്പും

ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യയാണ് നായകൻ. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രം  ഓണ്‍ലൈനിൽ റിലീസ് ചെയ്തത്.