Asianet News MalayalamAsianet News Malayalam

'ആത്മഹത്യയല്ല പരിഹാരം'; ഷെയ്‍ന്‍ നിഗം പറയുന്നു

"ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്"

suicide is not the option says shane nigam
Author
Thiruvananthapuram, First Published Jun 23, 2021, 12:05 AM IST

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹികപീഡനവും യുവതികളുടെ ആത്മഹത്യയും പൊതുചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്‍ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്‍ന്‍ പറയുന്നു. പാധ്യ സിലബസില്‍ അടക്കം മാറ്റങ്ങള്‍ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചെന്നും.

ഷെയ്‍ന്‍ നിഗത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഡനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിനു പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇച്ഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോല്‍ക്കുക"യല്ലേ സത്യത്തിൽ? നമ്മുടെ പാഠ്യ സിലബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്.
ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.

ശാസ്‍താംകോട്ടയില്‍ ഭര്‍ത്തൃഗൃഹത്തില്‍ വിസ്‍മയ എന്ന യുവതി മരിച്ച സംഭവം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനിടെ വള്ളികുന്നത്തും വിഴിഞ്ഞത്തും പുനലൂരും മൂന്ന് യുവതികള്‍ ആത്മഹത്യ ചെയ്‍ത വാര്‍ത്തകളും പുറത്തെത്തി. അതേസമയം സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങൾ ​ഗൗരവമായി കണ്ട്  കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios