'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം സൂര്യയും സംവിധായകൻ ടി ജെ ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നു.

ചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ ആ പ്രോജക്റ്റുകള്‍ക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ ലഭിക്കുന്ന ഒരു ഹൈപ്പ് ഉണ്ട്. അത്തരത്തിലൊരു ചിത്രമാണ് തമിഴ് താരം സൂര്യയുടേതായി ഇന്നലെ പ്രഖ്യാപിക്കപ്പെട്ടത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം സൂര്യയും ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന ചിത്രമാണ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ടത്. മികച്ച സിനിമാനുഭവം സമ്മാനിച്ചുകൊണ്ട് ദേശീയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജയ് ഭീം. കെജിഎഫ്, കാന്താര അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ ഹൊംബാലെ ഫിലിംസ് ആണ് നിര്‍മ്മാണം എന്നത് ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളായ സൂര്യ തന്റെ വൈവിധ്യവും ഗംഭീരമായ പ്രകടനങ്ങള്‍ കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുകയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് അവാർഡുകളും നേടിയിട്ടുള്ള അദ്ദേഹം, ഒരേ സമയം വാണിജ്യ മൂല്യമുള്ള ചിത്രങ്ങളും ആഴമുള്ള നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും ചെയ്ത് സിനിമയോടുള്ള തൻ്റെ പ്രതിബദ്ധത കാണിച്ചു തന്നിട്ടുമുണ്ട്. ശക്തമായ മാനുഷിക വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലിക്ക് പേരുകേട്ട ടി ജെ ജ്ഞാനവേൽ, സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും വ്യത്യസ്തരായ ചലച്ചിത്ര സംവിധായകരിൽ ഒരാളായി സ്ഥാനം നേടിയെടുത്ത പ്രതിഭയാണ്. ഇവര്‍ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് ഹൈപ്പ് സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയ ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഹോംബാലെ ഫിലിംസ്, ഇന്ത്യയിലെ മുൻനിര സിനിമാ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായി ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ദീർഘവീക്ഷണമുള്ള കഥാകൃത്തുക്കളെ പിന്തുണയ്ക്കുന്നതിനും ഭാഷകളെയും സംസ്കാരങ്ങളെയും മറികടക്കുന്ന സിനിമ നൽകുന്നതിനും പേരുകേട്ട ഈ നിർമ്മാണ സ്ഥാപനം, പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുന്ന കഥകളെ പിന്തുണക്കുന്നതിൽ എന്നും മുന്നിലാണ്.

സായ് അഭയങ്കർ സംഗീതം, എസ്.ആർ. കതിർ ഛായാഗ്രഹണം, കെ. കതിർ പ്രൊഡക്ഷൻ ഡിസൈൻ, ഫിലോമിൻ രാജ് എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്ന ഈ പ്രോജക്ട് ഒരു മികച്ച സാങ്കേതിക സംഘത്തെ ആണ് അവതരിപ്പിക്കാൻ പോകുന്നത്. ഈ വമ്പൻ സഹകരണം, ഒരു പ്രഗത്ഭനായ നടനെയും ദീർഘവീക്ഷണമുള്ള ഒരു സംവിധായകനെയും സിനിമാറ്റിക് മികവിന് പേരുകേട്ട ഒരു പ്രൊഡക്ഷൻ ഹൗസിനെയും ഒരുമിച്ച് കൊണ്ടുവരുന്നു. ലോകമെമ്പാടുമുള്ള വ്യത്യസ്ത തലമുറകളിലെ പ്രേക്ഷകരെ ആകർഷിക്കുന്ന, ആഴമുള്ളതും അർത്ഥമുള്ളതുമായ ഒരു ചിത്രം നിർമ്മിക്കാനാണ് ഇതിലൂടെ ഈ വമ്പൻ ടീം ലക്ഷ്യമിടുന്നത്. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming