അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്.
കേരളത്തിൽ അടക്കം ഏറെ ശ്രദ്ധനേടിയ അരൺമനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുൻ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരൺമനൈ 4ഉം ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുന്ദർ സി തന്നെയാണ് ആരൺമനൈ 4ന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് ഫെന്നി ഒലിവർ, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ എന്നിവരും നിർവഹിക്കുന്നു. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദറിൻ്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് റിലീസ് ചെയ്യും.
അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.
2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്.

