സംവിധാനം ചാര്‍ലി ഡേവിസ്

നീരജ് മാധവ് (Neeraj Madhav), അപര്‍ണ ബാലമുരളി (Aparna Balamurali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'സുന്ദരി ഗാര്‍ഡന്‍സ്' (Sundari Gardens) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.

അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

ഗൗതമന്‍റെ രഥമാണ് നീരജ് മാധവിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ 'ഫീല്‍സ് ലൈക്ക് ഇഷ്‍കി'ലെ ഒരു ഭാഗത്തിലും നായകനായിരുന്നു നീരജ്. നവാഗതനായ വിനയ് ജോസിന്‍റെ പാതിരാ കുര്‍ബാന, അനുജന്‍ നവനീത് മാധവ് സംവിധാനം ചെയ്യുന്ന എന്നിലെ വില്ലന്‍ എന്നിവയാണ് മലയാളത്തില്‍ നീരജിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. തമിഴില്‍ ഗൗതം മേനോന്‍റെ ചിലംബരശന്‍ ചിത്രം 'വെന്ത് തനിന്തത് കാടി'ലും ഒരു പ്രധാന വേഷത്തില്‍ നീരജ് എത്തുന്നുണ്ട്. അതേസമയം ഒടിടി റിലീസ് ആയി എത്തിയ സൂരറൈ പോട്ര് ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം. സൂര്യയുടെ നായികയായിരുന്നു ചിത്രത്തില്‍ അപര്‍ണ. ബ്ലെസിയുടെ ആടുജീവിതം, തമിഴില്‍ അശോക് സെല്‍വന്‍, കാര്‍ത്തി എന്നിവര്‍ നായകരാവുന്ന രണ്ട് ചിത്രങ്ങള്‍ എന്നിവയാണ് അപര്‍ണയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.