മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു 'ചന്ദ്രോത്ത് പണിക്കര്‍'. മമ്മൂട്ടിയും മാസ്റ്റര്‍ അച്യുതനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള 'ചന്ദ്രോത്ത് പണിക്കരെ' ഉണ്ണി മുകുന്ദനായിരുന്നു അവതരിപ്പിച്ചത്. ഉണ്ണിയുടെ കരിയറില്‍ ഏറ്റവും കൈയടി നേടിക്കൊടുത്ത കഥാപാത്രവുമായി ഇത്. ഇപ്പോഴിതാ ഇതേ കഥാപാത്രം മറ്റൊരു ബിഗ് ബജറ്റ് സിനിമയിലും ആവര്‍ത്തിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മാഗ്നം ഓപസ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് 'ചന്ദ്രോത്ത് പണിക്കര്‍' എന്ന കഥാപാത്രം വീണ്ടും എത്തുന്നത്. പക്ഷേ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റൊരു നടനാണെന്ന് മാത്രം.

ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് 'മരക്കാറി'ലെ 'ചന്ദ്രോത്ത് പണിക്കര്‍'. ചിത്രത്തിലെ സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിടുയും ചെയ്തു. പടച്ചട്ടയണിഞ്ഞിരിക്കുന്ന കഥാപാത്രം ഉടവാള്‍ വലിച്ചൂരിയെടുക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രിയദര്‍ശന്റെ സ്വപ്‌ന പ്രോജക്ട് ആണ്. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 5000 തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവിന്റെ ഒരുക്കം. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തും.