'അവര്‍ ചെയ്തത് ശരിയായില്ല, നിയമം മനസിലാക്കാൻ ഒരു മാസമെടുത്തോ'? യുകെ വിസ നിഷേധിച്ചതിൽ പ്രതികരിച്ച് സഞ്ജയ് ദത്ത്
2012 ല്‍ പുറത്തിറങ്ങിയ 'സണ്‍ ഓഫ് സര്‍ദാറി'ല്‍ അജയ് ദേവ്ഗണും സഞ്ജയ് ദത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
യുകെ വിസ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബോളിവുഡ് താരം സഞ്ജയ് ദത്തിന് സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടിവന്ന വിഷയം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റേത് ശരിയായ നടപടി ആയില്ലെന്നും വിസ തനിക്ക് ആദ്യം അനുവദിച്ചിട്ട് പിന്‍വലിക്കുകയാണ് ഉണ്ടായതെന്നും സഞ്ജയ് ദത്ത് ബോംബെ ടൈംസിനോട് പ്രതികരിച്ചു.
"അവര്‍ ആദ്യം എനിക്ക് യുകെ വിസ നല്‍കി. എല്ലാം ശരിയായി ഇരിക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഞാന്‍ ഹാജരാക്കി. നിങ്ങള്‍ എന്തിനാണ് എനിക്ക് വിസ നല്‍കിയത്? അത് തരേണ്ടിയിരുന്നില്ല. നിയമങ്ങള്‍ മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒരു മാസം സമയമെടുത്തോ"?, സഞ്ജയ് ദത്തിന്‍റെ വാക്കുകള്‍. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് പഴയ കേസില്‍ അറസ്റ്റിലായതിന് ശേഷം യുകെയിലേക്കുള്ള എന്‍ട്രി പലകുറി സഞ്ജയ് ദത്തിന് നിഷേധിക്കപ്പെട്ടിരുന്നു.
"അവിടെ (യുകെ) നിരവധി കലാപങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ യുകെ സന്ദര്‍ശിക്കുന്ന പൌരന്മാരോട് കരുതല്‍ പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്", സഞ്ജയ് ദത്ത് ചൂണ്ടിക്കാട്ടുന്നു. അതേസമയം വിജയ് കുമാര്‍ അറോറ സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 ല്‍ സഞ്ജയ് ദത്തിന്‍റെ ഒഴിവിലേക്ക് വരുന്നത് രവി കിഷന്‍ ആണ്. ഇന്ത്യയിലെ ചിത്രീകരണത്തില് പങ്കെടുത്തുകൊണ്ട് ഒരു അതിഥിതാരമായി ചിത്രത്തില്‍ എത്തുമോ എന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്ന് പറയുന്നു സഞ്ജയ് ദത്ത്.
അതേസമയം 2012 ല്‍ പുറത്തിറങ്ങിയ സണ്‍ ഓഫ് സര്‍ദാറില്‍ അജയ് ദേവ്ഗണും സഞ്ജയ് ദത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശ്വിനി ധിര്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.
ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്