വിനിൽ വാസു സംവിധാനം ചെയ്യുന്ന 'കൗർ vs കോർ' എന്ന ചിത്രത്തിൽ സണ്ണി ലിയോൺ ഇരട്ടവേഷത്തിലെത്തുന്നു. 2070-ലെ ലോകം പശ്ചാത്തലമാക്കുന്ന ഈ ചിത്രം, ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സംഘർഷത്തിനിടയിൽ വേർപിരിഞ്ഞ രണ്ട് സഹോദരിമാരുടെ കഥയാണ് പറയുന്നത്.
പപ്പരാജി എന്റർടെയിൻമെന്റ്, സൺസിറ്റി എൻഡിവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ മലയാളിയായ വിനിൽ വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോൺ ഡബിൾ റോളിൽ അഭിനയിക്കുന്നു. കൗർ vs കോർ എന്നാണ് സിനിമയുടെ പേര്. 2070 കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വിശ്വാസം, ഐഡന്‍റിറ്റി, അതിജീവനം എന്നിവയെക്കുറിച്ച് പറയുന്ന ചിത്രമാണ് ഇത്. ശാസ്ത്രവും വിശ്വാസവും ഏറ്റുമുട്ടുന്ന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിശ്വാസം, വിശ്വസ്തത, സത്യത്തിന്റെ വില എന്നീ ചോദ്യങ്ങൾ ഉയർത്തുന്ന സംഘർഷത്തിലൂടെ വിധി വേർതിരിച്ച രണ്ട് സഹോദരിമാരുടെ യാത്രയാണ് ചിത്രം പറയുന്നത്.
“ഈ ചിത്രം രണ്ട് സഹോദരിമാരുടെ കഥ മാത്രമല്ല. നമ്മൾ വിശ്വസിക്കുന്നതും നമ്മൾ ഭയപ്പെടുന്നതുമായ സമൂഹത്തിന്റെ പോരാട്ടം കൂടിയാണ് ഇത്. 2026 വേനല്‍ക്കാലത്ത് റിലീസ് ചെയ്യാനാണ് ആലോചന. കൗർ vs കോർ ഒരു സിനിമ മാത്രമല്ല, അതിർത്തികൾ താണ്ടുന്ന ഒരു സിനിമാറ്റിക് പരീക്ഷണമാണ്. എഐ ഉത്തരവാദിത്വത്തോടെ ഉപയോഗിച്ച് വികാരങ്ങളും നാടകീയതയും ആഗോള സിനിമയെ വെല്ലുവിളിക്കുന്ന സ്‌കെയിലും സൃഷ്ടിക്കാമെന്ന് തെളിയിക്കുകയായിരുന്നു എന്‍റെ ലക്ഷ്യം. ഇന്ത്യക്ക് എഐ സിനിമയുടെ നേതൃസ്ഥാനത്ത് എത്താൻ കഴിയുമെന്ന് ലോകത്തിന് കാണിക്കുകയാണ് ഈ പ്രോജക്റ്റ്. ഇന്ത്യ എല്ലായ്പ്പോഴും സാങ്കേതികവിദ്യയുടെ ലോകത്ത് മുൻനിരയിലാണ്. തുടക്കം മുതൽ ഈ സിനിമയുടെ ഭാഗമാകുന്നത് വളരെ അഭിമാനകരമായ കാര്യമാണ്", സംവിധായകൻ വിനിൽ വാസു അഭിപ്രായപ്പെട്ടു.
സണ്ണി ലിയോൺ തന്റെ അനുഭവം ഇങ്ങനെ പങ്കുവച്ചു- “എട്ട് വർഷം മുമ്പ് ഞങ്ങൾ കോർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് വിഎഫ്എക്സ് ഉപയോഗിച്ച് ഒരു ചെറിയ പ്രൊമോ ഷൂട്ട് ചെയ്തിരുന്നു. അന്ന് സാങ്കേതികവിദ്യ ഇന്നുള്ള പോലെ മുന്നേറിയിരുന്നില്ല. ഇന്ന് അത് സാധ്യമായതിനാൽ ഇന്ത്യയിലെ ആദ്യ എഐ സൂപ്പർഹീറോ സിനിമ സൃഷ്ടിക്കുന്നതിൽ ഞാൻ ഏറെ ആവേശത്തിലാണ്". പപ്പരാജി എന്റർടെയിൻമെന്റ് സ്ഥാപകനും നിർമ്മാതാവുമായ അജിങ്ക്യ ജാധവ് പറയുന്നു- “ചിത്രത്തിലെ സണ്ണി ലിയോണിന്‍റെ ഇരട്ട വേഷങ്ങള്‍ പരമ്പരാഗതമായതും അതേസമയം ഭാവിസങ്കൽപ്പവും ചേർന്നതാണ്”. സിനിമ ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

